അതിതീവ്ര മഴ, റെഡ് അലർട്ട്; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ബുധൻ) നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. നാല് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.
ഇടുക്കിയിൽ വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മലപ്പുറത്ത് അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പാലക്കാട് റസിഡൻഷ്യൽ സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. തീവ്രമഴയുടെ സാഹചര്യത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.









0 comments