ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; വ്യപക വെള്ളക്കെട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടി കടന്നു

ഇടുക്കി : ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യപക വെള്ളക്കെട്ടും നാശനഷ്ടവും. കുമിളിയിൽ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പല സ്ഥാനങ്ങളിലും ഗതാഗതം പൂർണമായും നിലച്ചു. മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിർദ്ദേശമുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത നാശമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് 13 ഷട്ടറും ഉയർത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മൂന്ന് ഘട്ടമായാണ് സ്‌പിൽവേ ഷട്ടറുകൾ ഉയർത്തിയത്. എല്ലാ ഷട്ടറുകളും ഉയർത്തിയതോടെ സെക്കൻഡിൽ 7163 ഘനയടി വെള്ളം പെരിയാർവഴി ഇടുക്കി സംഭരണിയിലെത്തുന്നുണ്ട്. പദ്ധതി മേഖലയിൽ എട്ടുമണിക്കൂർ തുടർച്ചയായി അതിശക്തമായ മഴ പെയ്‌തു. 24 മണിക്കൂറിനകം അണക്കെട്ട് പ്രദേശത്ത് 68 മി. മീറ്ററും തേക്കടിയിൽ 158.40 മി. മീറ്ററും മഴ പെയ്‌തു.
ശനി രാവിലെ ഒന്പതിനാണ് അണക്കെട്ടിന്റെ വശത്തുള്ള മൂന്ന് ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തി 1078 ഘനയടി വീതം വെള്ളം സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുക്കിയത്. 5.75 അടി വെള്ളം ഉയർന്നിരുന്നു. റൂൾ കർവ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെതുടർന്നാണ് ആദ്യഘട്ടം മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. റൂൾ കർവ് പ്രകാരം തമിഴ്നാടിന് അണക്കെട്ടിൽ 137.75 അടി വെള്ളം മാത്രമാണ് ശേഖരിക്കാൻ കഴിയുന്നത്. ശനി രാവിലെ ആറിനുതന്നെ ജലനിരപ്പ് 137.80 അടി എത്തിയിരുന്നു. നിലവിൽ 139 കഴിഞ്ഞു.
ശനി പകൽ ഒന്നിന് സ്‌പിൽവേയിലെ എല്ലാ ഷട്ടറുകളും ഉയർത്തി സെക്കൻഡിൽ 7163 ഘനയടി വീതം വെള്ളം പെരിയാറിലേക്ക് തുറന്ന് വെള്ളത്തിന്റ അളവ് വർധിപ്പിച്ചു. ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തി വച്ചിട്ടുണ്ടെങ്കിലും 50 സെന്റിമീറ്റർ ഉയരത്തിൽ മാത്രമാണ് വെള്ളം ഒഴുകുന്നത്. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന്റെ അതേ അളവിൽ തുറന്നു വിട്ടു. ശനി രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 17,828 ഘനയടി വീതം വെള്ളം ഒഴുകിയെത്തി.










0 comments