സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും കാറ്റും; വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയും കാറ്റും. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണും വീടുകളിൽ വെള്ളം കയറിയും ജനജീവിതം ദുസഹമായി.
കണ്ണൂർ ജില്ലയിൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ചിറ്റാരിപ്പറമ്പിൽ വീടിന് മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. ശ്രീകണ്ഠാപുരത്ത് തൂക്കുപാലത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ദേശീയപാതാ നിർമ്മാണം നടക്കുന്ന കുപ്പത്ത് വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിക്കയറി.
കോഴിക്കോട് ജില്ലയിലെ നാദാപുരം, കല്ലാച്ചി മേഖലകളിൽ മഴ ശക്തമാണ്. വിലങ്ങാട്, താമരശേരി മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. പേരാമ്പ്രയിൽ ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. പേരാമ്പ്ര ബൈപ്പാസിൽ തണൽമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടുക്കി ജില്ലയിലെ മൂലമറ്റത്തിന് സമീപം ഏഴാം മൈലിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു. കാർ യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് തുടരുന്നതിനാൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമാകുന്നതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി നിലനിൽക്കുന്ന അന്തരീക്ഷ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമാകുന്നത്. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ കരുത്താർജ്ജിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.










0 comments