ചരിത്രനേട്ടവുമായി കിലിയൻ എംബാപ്പെ; തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടുന്ന താരം

കിലിയൻ എംബാപ്പെ
ന്യൂയോർക്ക് : 2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ കിരീടമുയർത്തിയെങ്കിലും ഗോളടിയിൽ റെക്കോഡുകൾ തിരുത്തിക്കുറിച്ച് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. സെമി ഫൈനലിൽ സ്പെയിനോട് തോറ്റ് പുറത്താവുകയും ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്തെങ്കിലും ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം എംബാപ്പെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന 27കാരനായ എംബാപ്പെ എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നാല് അസിസ്റ്റുകളുമാണ് നേടിയത്.
ആകെ 14 ഗോളുകളിലാണ് താരം നേരിട്ട് പങ്കാളിയായത്. സെനഗൽ, ഇറാഖ് ടീമുകൾക്കെതിരെ ഇരട്ട ഗോളുകളോടെ തുടങ്ങിയ താരം നോർവേക്കെതിരെ രണ്ട് അസിസ്റ്റുകൾ നൽകി. പ്രീ-ക്വാർട്ടറിൽ പരാഗ്വെയ്ക്കെതിരെ വിജയഗോൾ നേടിയ എംബാപ്പെ ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് 6-4 ന് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിലാക്കാൻ താരത്തിന് കഴിഞ്ഞു.
അവസാന നിമിഷം വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് ഉറപ്പിച്ചത്. കലാശപ്പോരാട്ടത്തിന് മുൻപ് എംബാപ്പെയും അർജന്റീന നായകൻ ലയണൽ മെസിയും എട്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി എംബാപ്പെ ഗോൾ സമ്പാദ്യം പത്താക്കി ഉയർത്തി. ഫൈനലിൽ സ്പെയിനെതിരെ മെസിക്ക് ഗോൾ നേടാനാകാതെ വന്നതോടെ പുരസ്കാരം ഫ്രഞ്ച് നായകന് സ്വന്തമാവുകയായിരുന്നു.
ലോകകപ്പിന്റെ ചരിത്രതാളുകളിൽ പുതിയ റെക്കോഡുകൾ കുറിക്കാനും ഈ പ്രകടനത്തിലൂടെ എംബാപ്പെക്ക് കഴിഞ്ഞു. 1970ൽ ഗെർഡ് മുള്ളർക്ക് ശേഷം ഒരു ലോകകപ്പിൽ പത്തോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി എംബാപ്പെ മാറി. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. 2022 ഖത്തർ ലോകകപ്പിലും എംബാപ്പെയായിരുന്നു ടൂർണമെന്റിലെ ടോപ്പ് സ്കോറർ.
ഈ ലോകകപ്പിലെ ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തം പേരിലാക്കി. 22 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ താരം ലയണൽ മെസ്സി (21), മിറോസ്ലാവ് ക്ലോസെ (16) എന്നിവരെയാണ് മറികടന്നത്. ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഒഴികെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും (19 ഗോളുകൾ) എംബാപ്പെ കൂടുതൽ ശക്തമാക്കി. ഫ്രാൻസിന് കിരീടം നിലനിർത്താനായില്ലെങ്കിലും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരൻ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു എംബാപ്പെയുടെ ഈ ലോകകപ്പ് പ്രകടനം.










0 comments