print edition ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് കച്ചവടമാഫിയക്ക്

സ്വന്തം ലേഖിക
Published on Oct 22, 2026, 12:24 AM | 1 min read
തിരുവനന്തപുരം: ജീവിതശൈലീരോഗം നിയന്ത്രിക്കാനെന്ന പേരിൽ സർക്കാർ രൂപീകരിച്ച ആരോഗ്യ ടാസ്‌ക് ഫോഴ്‌സിന് പിന്നിൽ കച്ചവടതാൽപ്പര്യവും സ്വകാര്യവൽക്കരണവും. ആരോഗ്യമേഖലയിലെ സമഗ്രമാറ്റത്തിനെന്ന് അവകാശപ്പെട്ട സമിതിയിൽ വിദഗ്ധർക്ക് പകരം വൻകിട സ്വകാര്യ ആശുപത്രി ഉടമകളും ആയുർവേദ വെൽനെസ് ടൂറിസം വക്താക്കളും ലാബ് ഉടമകളും.
വ്യവസായ ഗ്രൂപ്പായ കെഇഎഫ് ഹോൾഡിങ്സ് സ്ഥാപകന്‍ ഫൈസൽ ഇ കൊട്ടിക്കോളൻ, കോയമ്പത്തൂർ എവിപി ഹോൾഡിങ്സ് മാനേജിങ് ഡയറക്‌ടർ സി ദേവിദാസ് വാര്യർ, ഡൽഹി ജീവ ആയുർവേദ ചെയർമാൻ പ്രതാപ് ചൗഹാൻ, ഹൈദരാബാദ് ഗ്ലോബൽ ഹോസ്‌പിറ്റൽ സ്ഥാപകൻ- കഞ്ചേരിയ രവീന്ദ്രനാഥ് തുടങ്ങിയവരും അഴിമതിക്കേസിൽപ്പെട്ട മുൻ യുപി ചീഫ് സെക്രട്ടറി ദീപക് സിംഗാളും പതിനാറംഗ സമിതിയിലുണ്ട്. ആവശ്യാനുസരണം മറ്റ് ‘പ്രമുഖരെ’ പ്രത്യേക ക്ഷണിതാക്കളാക്കാനു മാകും.
കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനസ് ആൻഡ് ലോഞ്ചിവിറ്റി- ടാസ്‌ക് ഫോഴ്സ് എന്ന പേരിൽ മുഖ്യമന്ത്രി അധ്യക്ഷനായി ഇൗ മാസം ഏഴിനാണ് സമിതി രൂപീകരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതിവേഗം ഫയൽനീക്കവും സംശയാസ്‌പദം. സെപ്തംബർ 29ന് ആദ്യമായി തുറന്ന ഫയൽ ഒരാഴ്‌ചയ്‌ക്കകം ഉത്തരവായിറങ്ങി. ഏറ്റവുമൊടുവിലാണ് ആരോഗ്യമന്ത്രിക്ക് ഫയലെത്തുന്നത്. രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിയന്ത്രണം, ആരോഗ്യകരമായ വാർധക്യം എന്നിവയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. എന്നാൽ, സ്വകാര്യനിക്ഷേപം, മറ്റ് ചികിത്സാരീതികളുമായുള്ള ഏകോപനം, ഹെൽത്ത് ആൻഡ് വെൽനസ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകൾ പരിശോധിക്കണമെന്നാണ് ഉത്തരവിലെ നിർദേശം. ‘ആരോഗ്യ വെൽനസി’ന്റെ പേരിൽ ആഗോളമായി ഉയരുന്ന വാണിജ്യ താൽപ്പര്യങ്ങളുമായി കൈകോർക്കുകയാണ് ലക്ഷ്യം. ആഡംബര വെൽനസ് റിസോർട്ടുകൾ, ആന്റി ഏജിങ് ചികിത്സ, ഹെൽത്ത് ചെക്കപ്പ്, വ്യക്തിഗത പാക്കേജ് എന്നിവ ഉൾക്കൊള്ളുന്ന ആഗോള വ്യവസായമാണിത്.









0 comments