print edition 'ഇൻക്ലൂസീവ് ' ഭരണവിശേഷം


സി കെ ദിനേശ്
Published on Jun 23, 2026, 12:00 AM | 1 min read
ഏതൊക്കെ രോഗങ്ങൾ എവിടെയൊക്കെ എന്ന് ആരോഗ്യമന്ത്രിക്കോ സർക്കാരിനോ വലിയ പിടിയില്ലെന്നത് രഹസ്യമല്ല. നിപാ സ്ഥിരീകരിച്ചില്ലെന്ന് പറഞ്ഞ് കുടുങ്ങിയ മന്ത്രി കെ മുരളീധരനോട് ‘അങ്ങനെയൊരു ദയനീയാവസ്ഥ എബോളയുടെ കാര്യത്തിലുണ്ടാകല്ലേ ’എന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച മുഹമ്മദ് റിയാസ് പറഞ്ഞു. ‘ഡ്രൈ ഡേ ’ ക്യാന്പയിൻ ഉണ്ടല്ലോയെന്ന് മന്ത്രി. പുതിയതെന്ന ധാരണയിൽ രണ്ടുതവണ അതുതന്നെ പറഞ്ഞു. പാളിച്ചയ്‌ക്ക് മറുപടിയില്ലാത്തതിനാൽ റീൽസ് മുന്നിൽക്കണ്ട് വീണ്ടും വാക്കുതിർത്തു, ‘ 2018ൽ 18 പേർ നിപാ വന്ന് മരിച്ചില്ലേ’. ട്രഷറി ബെഞ്ചിൽ കൈയ്യടി. അവരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഓർമിപ്പിച്ചത് ഒറ്റക്കാര്യം –‘എരണംകെട്ടവർ ഭരിച്ചതുകൊണ്ടല്ല, രോഗത്തിന്റെ മാരക ശേഷിയാണത്. നാടിനെയാകെ അന്ന് പ്രതിരോധരംഗത്തിറക്കി. ഇന്നോ?’ ഉടൻ സ്പീക്കർ ഇടപെട്ടു ‘നമ്മുടെ വിഷയം എബോളയാണെന്ന് മറക്കണ്ട.’
സ്‌ത്രീകളുടെ സൗജന്യയാത്രക്കായുള്ള ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കി തേച്ചൊട്ടിച്ച വിദ്യ ആരോഗ്യ ഇൻഷുറൻസിൽ ഉണ്ടാകുമോയെന്ന് ബജറ്റ് ചർച്ചയിൽ യു ആർ പ്രദീപിന്റെ ചോദ്യം. പടയപ്പയുടെയും ചക്കക്കൊമ്പന്റെയും ചെവിയിൽ ‘മന്ത്രി മാറീട്ടോ’ എന്ന് പറഞ്ഞാൽ വന്യമൃഗശല്യം തീരുമോയെന്ന് വി ജോയി.
ശുചിത്വവും പരിശോധനയും ക്ലീൻ ആണെന്ന് ആരോഗ്യമന്ത്രി ഉറച്ചുനിന്നെങ്കിലും പ്രതിപക്ഷനേതാവ് ജലപീരങ്കിയിലെ വെള്ളം സഭയിൽ കൊണ്ടുവന്നതോടെ സംഗതി കൈയീന്ന് പോയി. സമരക്കാരുടെ ദേഹത്ത് തിങ്കളാഴ്‌ച പൊലീസ് അടിച്ചുകയറ്റിയ വെള്ളമായിരുന്നു അത്. വാട്ടർ അതോറിറ്റി ടാങ്കിൽനിന്നാണ് പൊലീസ് വെള്ളം എടുക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. നാട്ടുകാർ കുടിക്കുന്ന വെള്ളത്തിന്റെ അവസ്ഥയിതാണെന്ന് സാരം. ഒരുപക്ഷേ ഇതാകാം രമേശ് പിഷാരടി കോൺഗ്രസിനെക്കുറിച്ച് പറഞ്ഞ ‘ഇൻക്ലൂസീവ് ലൈൻ’.











0 comments