print edition മന്ത്രിയായി തുടരാൻ മുരളീധരൻ യോഗ്യനല്ല’

തിരുവനന്തപുരം: നിലവിലെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സ്വകാര്യ മരുന്നുകമ്പനിയുമായി നേരിട്ട് ചർച്ച നടത്തിയ ആരോഗ്യമന്ത്രി കെ മുരളീധരൻ മന്ത്രിയായി തുടരാന് യോഗ്യനല്ലെന്ന് മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവർ പറഞ്ഞു. സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരായ കുഞ്ഞുങ്ങളെ, മരുന്നു പരീക്ഷണത്തിന് ഇരയാക്കിയതുൾപ്പെടെയുള്ള നടപടികളിൽ സമഗ്ര അന്വേഷണം നടത്തണം.
‘‘ആരോഗ്യമന്ത്രിക്ക് മരുന്നു കമ്പനികളുമായി നേരിട്ട് ചർച്ച നടത്തേണ്ട ആവശ്യമില്ല. എന്നാൽ എസ്എടി ആശുപത്രി സൂപ്രണ്ടിനൊപ്പം എസ്എംഎ മരുന്ന് കമ്പനിയുടെ ആളുകൾ മന്ത്രി കെ മുരളീധരനെ സന്ദർശിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വഴി ടെൻഡർ നടപടികളിലൂടെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി മരുന്ന് സംഭരിക്കുന്നതാണ് നിലവിലെ നിയമം. ഇതു നിലവിലിരിക്കെ മന്ത്രി നടത്തിയ കൂടിക്കാഴ്ച കെഎംഎസ്സിഎൽ ചട്ടങ്ങളുടെ ലംഘനമാണ്.
എസ്എടി ആശുപത്രിയിൽനിന്ന് പരീക്ഷണ ലേബലുള്ള മരുന്ന് രോഗികൾക്ക് നൽകിയതിന് ആരോഗ്യമന്ത്രി മറുപടി പറയണം. കെഎംഎസ്സിഎൽ സംഭരിച്ച മരുന്നാണെങ്കിൽ അതിൽ മുദ്രയുണ്ടാകും. രോഗികൾക്ക് നൽകിയതിൽ ‘ക്ലിനിക്കൽ ട്രയൽസ്’ എന്നാണ്. കുഞ്ഞുങ്ങൾക്ക് പരീക്ഷണത്തിനുള്ള മരുന്നുകൾ നൽകരുത്. സൂപ്രണ്ട് വിശദീകരിച്ചതുപോലെ സാമ്പിൾ മരുന്നിന് ഗുണനിലവാരമുണ്ടെങ്കിൽ അത് തിരിച്ചെടുത്തത് എന്തിനെന്ന് വ്യക്തമാക്കണം.
മരുന്നുക്ഷാമം ഉണ്ടായെങ്കിൽ അതിനും സർക്കാരാണ് ഉത്തരവാദി. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യമന്ത്രി കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണം. ജൂലൈ ഏഴിനാണ് ഹൈദരാബാദിലെ കമ്പനിയിൽനിന്ന് മരുന്ന് വാങ്ങാൻ ഭരണാനുമതി നൽകിയത്. ടെൻഡർ നൽകുന്നത് സെപ്തംബർ 25ന്. ഇത്രയും വൈകിയതിന്റെ കാരണവും വ്യക്തമാക്കണം. കൃത്യമായ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയാണ് മരുന്നുവിതരണം നടത്തേണ്ടത്. എന്നാൽ കെഎംഎസ്സിഎല്ലിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗംതന്നെ യുഡിഎഫ് സർക്കാർ നിർത്തി. ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധിക്കാത്ത, ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് കുഞ്ഞുങ്ങൾക്ക് നൽകിയത് അംഗീകരിക്കാനാവില്ല. മരുന്നിനെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം’’ അവർ പറഞ്ഞു. ആരോഗ്യമന്ത്രി ആരോപിച്ചതുപോലെ, മരുന്ന് കമ്പനിയുമായി മുൻ സർക്കാരോ ആരോഗ്യമന്ത്രിയെന്ന നിലയിൽ താനോ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് വീണാ ജോർജ് പറഞ്ഞു.








0 comments