അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

veena
വെബ് ഡെസ്ക്

Published on Sep 20, 2025, 03:03 PM | 1 min read

തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനായി കർമപദ്ധതി ആവിഷ്‌ക്കരിക്കുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിൻസ്റ്റോമിംഗ് സെഷൻ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കർമ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്തംബർ 28 മുതൽ ഒക്ടോബർ 28 വരെയാണ് ആരോഗ്യപ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിൻ, എസ്ജിഒടി/എസ്ജിപിടി, ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നു. സ്ഥാപന തലത്തിൽ ഇതിനായി കെയർ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തും. ഗർഭിണികളായ സ്ത്രീകളെ പ്രസവത്തിനായി കൊണ്ടുപോകുന്നതിനും ആദിവാസികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ക്രമീകരണമൊരുക്കും. ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനത്തെ അറിയിച്ച് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും. മറ്റു ചെലവുകൾ ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായംതേടും.


ഗർഭിണികൾ, കിടപ്പുരോഗികൾ, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾ, ജന്മനാ വൈകല്യമുള്ളവർ, ഭിന്നശേഷിക്കാർ, ഒറ്റയ്ക്കായിപ്പോകുന്ന മുതിർന്ന പൗരന്മാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പിന്തുണ ഉറപ്പാക്കുന്നു. അതിദരിദ്രരുടെ കുടുംബത്തിന് പ്രത്യേക പ്രാധാന്യം നൽകി ഓരോ മാസവും അവരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തും. കിടപ്പിലായവർക്കും വയോജനങ്ങൾക്കും ഒറ്റയ്ക്ക് താമസിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും രണ്ടാഴ്ചയൊരിക്കൽ പരിചരണം ഉറപ്പാക്കും. പ്രതിമാസ ആരോഗ്യ പരിശോധന നടത്തുകയും മെഡിക്കൽ ഓഫീസർമാർ ഇത് വിലയിരുത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. ഇവരെ വിവിധ സർക്കാർ ചികിത്സാ പദ്ധതികളിൽ ഉൾപ്പെടുത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതാണ്- മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home