Deshabhimani

മാലിന്യക്കൂമ്പാരം പൂന്തോട്ടമാക്കി ചുമട്ടുതൊഴിലാളികൾ

Headload Workers  kas.jpg
avatar
പി മഷൂദ്‌ തൃക്കരിപ്പൂർ

Published on Nov 19, 2026, 07:16 AM | 1 min read

തൃക്കരിപ്പൂർ: വർഷങ്ങളോളം മാലിന്യവും മലിനജലവും കെട്ടിക്കിടന്ന് ദുർഗന്ധം വമിച്ചിരുന്ന ഒരു പ്രദേശം മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ. ​ദേശീയപാത കടന്നുപോയിരുന്ന എരവിൽ റോഡിനോട് ചേർന്നുള്ള ഭാഗത്താണ് ഈ മാതൃകാ പൂന്തോട്ടം. ജോലിക്കിടയിലെ ഇടവേളകളിൽ വിശ്രമിക്കുന്നതിനായി ഇവർ നിർമിച്ച താൽക്കാലിക ഷെഡിനോട് ചേർന്നാണ് പൂന്തോട്ടമൊരുക്കിയത്‌. ​മുമ്പ് മാലിന്യങ്ങളും അഴുക്കും നിറഞ്ഞുകിടന്ന ഈ പ്രദേശം മുഴുവൻ മണ്ണിട്ട് ഉയർത്തിയാണ് ചെടികൾ വളർത്താൻ പാകത്തിലുള്ള മണ്ണൊരുക്കിയത്. ഇന്ന് മൺചട്ടികളിലും മറ്റുമായി വിവിധ തരത്തിലുള്ള നൂറിലേറെ ചെടികളാണ് പൂത്തുനിൽക്കുന്നത്. ദിവസവും വെള്ളംനനച്ച്‌ പരിപാലിക്കും.


​യൂണിറ്റിലെ 22 ചുമട്ടുതൊഴിലാളികളും ഈ പൂന്തോട്ടത്തിന്റെ സംരക്ഷകരാണ്. പിലിക്കോട് പഞ്ചായത്ത് ജൈവ വൈവിദ്യ ബോഡിന്റെ ജൈവ ഉദ്യാനവും ഇതിനോട് ചേർന്നുണ്ട്. ഇതിനെ പരിപാലിക്കുന്നതും ഈ തൊഴിലാളികളാണ്. തുളസി, ആടലോടകം, കറ്റാർവാഴ, പനിക്കൂർക്ക, ബ്രഹ്മി, കീഴാർനെല്ലി, കുറുന്തോട്ടി, ചെത്തി തുടങ്ങിയ നിരവധി ഔഷധസസ്യങ്ങളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്. ഇതോടൊപ്പം നിത്യോപയോഗത്തിനുള്ള കറിവേപ്പിലയും മറ്റ് നാടൻ പച്ചമരുന്നുകളും ഈ തോട്ടത്തിലുണ്ട്. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റുംപോലുള്ള ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ ഔഷധത്തോട്ടത്തിന്റെ പരിപാലനം. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷയ്ക്കായി പനിക്കൂർക്കയും തുളസിയും കറ്റാർവാഴയുമെല്ലാം ഇവിടെനിന്നും തൊഴിലാളികൾ നൽകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home