വാവർ സ്വാമിയെ തീവ്രവാദിയായി ചിത്രീകരിച്ചു; ശാന്താനന്ദയ്ക്കെതിരെ കേസ്

Sadananda.jpg
വെബ് ഡെസ്ക്

Published on Sep 24, 2025, 03:56 PM | 1 min read

പന്തളം: പന്തളത്ത് വച്ച് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വാവർ സ്വാമിയെ തീവ്രവാദിയാക്കി വിദ്വേഷപ്രസംഗം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ പൊലീസ് കേസെടുത്തു. പന്തളം രാജകുടുംബാംഗമായ എ ആർ പ്രദീപ് വർമയുടെ പരാതിയിലാണ് നടപടി. സംഘ്പരിവാർ സംഘടനകൾ ചേർന്ന് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ നടത്തിയ പ്രസംഗത്തിന്മേലാണ് പരാതി. 'വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല'- എന്നുമാണ് ശാന്താനന്ദ പറഞ്ഞത്.


വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്. വാപുരനെ കൊണ്ടുവന്ന് വാവരുടെ അമ്പലം തകർക്കണമെന്നും ശാന്താനന്ദ പറഞ്ഞു. മതസ്പർദയും വിദ്വേഷവും പരത്തുന്ന പ്രസംഗമാണ് ശാന്താനന്ദയുടേത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കടുത്ത വർഗീയതയാണ് പരിപാടിയിലുടനീളം പ്രസംഗിച്ചവർ പറഞ്ഞത്. ഇതിനെതിരെ വിമർശനങ്ങളുമായി നിരവധിപേർ രംഗത്ത് വന്നു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആ​ഗോള അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ വർഗീയലക്ഷ്യത്തോടെ ശബരില സംരക്ഷണ സംഗമവുമായി മുന്നോട്ടുവന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home