'സീറ്റ് നൽകാമെന്ന് പറഞ്ഞ് പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും കോടികൾ തട്ടി'; ഗുരുതര പരാതി

പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ , കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതരമായ സീറ്റ് കച്ചവട ആരോപണം. തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധി എംപിയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷ് എംപിയും തന്റെ പക്കൽനിന്ന് കോടികൾ കൈപ്പറ്റിയെന്ന് ഹരിയാന മഹിളാ കോൺഗ്രസ് മുന്‍ ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാർ പറഞ്ഞു. എന്നാൽ സീറ്റ് ലഭിച്ചില്ല. ഇതോടെ പണം തിരികെ ചോദിച്ചപ്പോൾ പണം തരാൻ കഴിയില്ല എന്നാണ് നേതാക്കൾ പറഞ്ഞതെന്നും ഗൗരവ് കുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളും ഗൗരവ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്ത് നേതാക്കൾ കോടികൾ തട്ടിയെന്നാണ് ആരോപണം. സോണിയാഗാന്ധിയുടെ പിഎയ്ക്കും പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്കും ജൻപഥ് വസതിയിൽവെച്ച് പണം നൽകി. കൊടിക്കുന്നിലിന് 1.60 കോടി രൂപയാണ് നൽകിയത്. കെ സി വേണുഗോപാലിന്‍റെ പിഎ അനസിനും പണം നൽകി. വേണുഗോപാലിന്‍റെ മുൻപിൽവെച്ചാണ് പണം നൽകിയത്.
സീറ്റ് ഉറപ്പാണെന്ന് നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ പ്രചാരണവും ആരംഭിച്ചു. അതിനുവേണ്ടിയും ലക്ഷങ്ങൾ ചെലവായി. എന്നാൽ സ്ഥാനാർത്ഥി നിർണയം വന്നപ്പോൾ സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര കൊല്ലമായിട്ടും കൊടുത്ത പണം തിരികെ തന്നിട്ടുമില്ല. പണം ചോദിക്കുമ്പോഴെല്ലാം നിഷേധാത്മക സമീപനമാണ് നേതാക്കൾ സ്വീകരിച്ചത്.
കേരളത്തിലേക്ക് താൻ വരുന്നതിന് മുൻപ് വേണുഗോപാലിന്‍റെ പിഎ അനസ് നാൽപതിലേറെ തവണ വിളിച്ചു. എന്തെങ്കിലും ഒക്കെ പദവി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ പദവിയല്ല തനിക്ക് വേണ്ടത്. നേതാക്കളുടെ വാക്ക് കേട്ട് ഏഴ് കോടിയിലധികം രൂപ നഷ്ടപ്പെട്ടു. 56 വർഷത്തോളമായി താനും കുടുംബവും കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ്. പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും ജനങ്ങളെ പറ്റിക്കുകയാണെന്നും ഗൗരവ് കുമാർ പറഞ്ഞു.
മൂന്ന് നേതാക്കളും കേരളത്തിൽനിന്നുള്ള എംപിമാരായതിനാലാണ് ഇവിടെ എത്തിയ വാർത്താസമ്മേളനം നടത്തിയത്. പണം നൽകിയതിന്റെ രേഖകള്‍ ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.









0 comments