ad
Deshabhimani

മിണ്ടാട്ടമില്ലാതെ സതീശൻ ; വാർത്ത മുക്കി മാധ്യമങ്ങൾ

print edition ഹരിയാനയിലെ 7 കോടിയുടെ സീറ്റ് കോഴ ; കേരളത്തിലെ കോൺഗ്രസ്‌ 
കലങ്ങിമറിയുന്നു

udf scam
വെബ് ഡെസ്ക്

Published on Feb 28, 2026, 12:38 AM | 3 min read


തിരുവനന്തപുരം

ഹരിയാനയിൽ നിയമസഭാ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ ഉന്നത കോൺഗ്രസ്‌ നേതാക്കൾ പണംതട്ടിയ സംഭവത്തിൽ പ്രതികരിക്കാതെ കേരളത്തിലെ നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷിനുമെതിരായ ആരോപണത്തിലാണ്‌ എല്ലാവർക്കും മിണ്ടാട്ടം മുട്ടിയത്‌. കോൺഗ്രസിലെ ഒരുവിഭാഗം വലിയ സന്തോഷത്തിലുമാണ്‌.


ഹരിയാനയിലെ മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ്‌ ഗ‍ൗരവ്‌കുമാറാണ്‌ സീറ്റിന്‌ കാശുവാങ്ങി പറ്റിച്ചെന്ന വിവരം തെളിവുസഹിതം പൊലീസിൽ പരാതി നൽകിയത്‌. കൊടിക്കുന്നിലുമായുള്ള വാട്‌സാപ്‌ ചാറ്റും പുറത്തുവിട്ടു. ബാങ്ക്‌ അക്ക‍ൗണ്ടിലേക്കാണ്‌ പണം പോയത്‌. പത്തനംതിട്ടയിലെ വാർത്താസമ്മേളനത്തിൽ വി ഡി സതീശനോട്‌ ആരോപണത്തെക്കുറിച്ച്‌ ചോദിച്ചെങ്കിലും വിഷയം അറിഞ്ഞില്ലെന്ന്‌ പച്ചക്കള്ളം പറഞ്ഞ്‌ മുങ്ങി. ആരോപണം നിഷേധിക്കാനോ നേതാക്കളെ സംരക്ഷിക്കാനോ തയ്യാറായില്ല.


കേരളത്തിലെ കോൺഗ്രസിൽ ഒന്നാമനാര്‌ എന്ന പോരാട്ടത്തിൽ വി ഡി സതീശനെതിരെയുള്ളത്‌ കെ സി വേണുഗോപാലും ചെന്നിത്തലയുമാണ്‌. 2021ലെ തെരഞ്ഞെടുപ്പിൽ ചെന്നിത്തലയെ വെട്ടിയാണ്‌ സതീശനെ നേതൃസ്ഥാനത്തുകൊണ്ടുവന്നത്‌. ഇ‍ൗ തർക്കം ഇപ്പോഴുമുണ്ട്‌. അതിനാൽ ഹരിയാനയിലെ ‘സീറ്റിന്‌ കോഴ’ കേരളത്തിലെ കോൺഗ്രസിലെ മൂപ്പിളമ തർക്കത്തിൽ ആയുധമാകും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കോഴ ആരോപണമുയർന്നിരുന്നു. നിജി ജസ്റ്റിനെ തൃശൂർ കോർപറേഷൻ മേയറാക്കാൻ നേതാക്കൾ കാശുവാങ്ങിയെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ ലാലി ജെയിംസാണ്‌ വെളിപ്പെടുത്തിയത്‌.


മിണ്ടാട്ടമില്ലാതെ സതീശൻ

എഐസിസി നേതാക്കൾ ഉൾപ്പെട്ട ഹരിയാനയിലെ സീറ്റുകോഴ സംബന്ധിച്ച്‌ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ.


പുതുയുഗയാത്രയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചതോടെ വിഷയം പഠിക്കുകയാണെന്നും അതിനുശേഷം മറുപടി പറയാമെന്നുമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വാഗ്‌ദാനംചെയ്‌ത്‌ പ്രിയങ്ക ​ഗാന്ധിയും കെ സി വേണു​ഗോപാലും കൊടിക്കുന്നിൽ സുരേഷും അടങ്ങുന്ന സംഘം ഏഴുകോടി രൂപ കോഴ വാങ്ങിയെന്ന പരാതി ഡിജിപിക്ക്‌ ലഭിച്ചിട്ടുണ്ടല്ലോയെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച്‌ ആധികാരികമായി വിശദമാക്കാൻ താൻ ആളല്ലെന്ന്‌ പറഞ്ഞ്‌ സതീശൻ വാർത്താസമ്മേളനം മതിയാക്കി.കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ അക്രമസമരത്തെ ന്യായീകരിച്ച സതീശൻ, കരിങ്കൊടി പ്രകടനം എങ്ങനെ നടത്തണമെന്ന് ഞങ്ങളുടെ പിള്ളേർക്ക് അറിയാമെന്നും റീത്തും ശവപ്പെട്ടിയുമെല്ലാം സമരായുധമാക്കുന്നതിൽ എന്താണ്‌ തെറ്റെന്നും ചോദിച്ചു.


കൂടുതൽ ചോദ്യമുയർന്നതോടെ വാർത്താസമ്മേളന വേദിയിൽനിന്ന്‌ അദ്ദേഹം ഇറങ്ങി
പ്പോയി.​


വാർത്ത മുക്കി മാധ്യമങ്ങൾ

മഹിളാ കോൺഗ്രസ്‌ നേതാവായ ഭാര്യക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ നൽകാമെന്ന്‌ പറഞ്ഞ്‌ ഉന്നത കോൺഗ്രസ്‌ നേതാക്കൾ ഏഴു കോടിയോളം രൂപ കൈപ്പറ്റി വഞ്ചിച്ചതായി ഹരിയാനയിലെ ഒരു കോൺഗ്രസ്‌ പ്രവർത്തകൻ കേരളത്തിൽ വന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌ വാർത്തയാക്കാതെ മാധ്യമങ്ങൾ.


എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്‌ എന്നിവർക്കെതിരെയാണ്‌ മഹിളാ കോൺഗ്രസ്‌ ഹരിയാന ജനറൽ സെക്രട്ടറി സുചിത്രയുടെ ഭർത്താവ്‌ ഗ‍ൗരവ്‌ കുമാർ കേരള പൊലീസ്‌ മേധാവി റവാഡ എ ചന്ദ്രശേഖറിന്‌ പരാതി നൽകിയത്‌. പതിറ്റാണ്ടുകളായി കോൺഗ്രസ്‌ പ്രവർത്തകരാണ്‌ തങ്ങളെന്നും ഗ‍ൗരവ്‌ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ ബാവുൽ മണ്ഡലത്തിൽ സീറ്റ്‌ നൽകുമെന്നായിരുന്നു വാഗ്‌ദാനം. പണം നൽകിയ തീയതികളും കൊടിക്കുന്നിൽ ഉൾപ്പെടെയുള്ളവരുമായി നടത്തിയ വാട്‌സ്‌ആപ്പ്‌ ചാറ്റുകളും ഗ‍ൗരവ്‌ കുമാർ പുറത്തുവിട്ടിരുന്നു. അതിൽ ഫോൺ നമ്പറുകൾ വ്യക്തം.


പൊലീസ്‌ മേധാവിക്ക്‌ അയച്ച പരാതിയിലും പണം നൽകിയ തീയതികളും രേഖകളുമുണ്ട്‌. വാർത്താസമ്മേളനത്തിൽ കൈരളി, റിപ്പോർട്ടർ, ന്യൂസ്‌ മലയാളം 24, ജനം തുടങ്ങിയ ചാനലുകളേ പോയുള്ളു. മുഖ്യധാര പത്രങ്ങളെന്ന്‌ സ്വയം അവകാശപ്പെടുന്നവ വാർത്ത നൽകിയുമില്ല. കോൺഗ്രസിനോടും നേതാക്കളോടുമുള്ള ഇ‍ൗ കരുതലാണ്‌ കേരളത്തിലെ മാധ്യമങ്ങളുടെ നിഷ്‌പക്ഷത.


കോൺഗ്രസ് ജനാധിപത്യത്തിന് അപമാനം: 
വി ശിവൻകുട്ടി

കോൺഗ്രസ് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് സീറ്റ്‌ ലേലത്തിന് വെക്കുന്ന കച്ചവട സ്ഥാപനമായി അധഃപതിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. സാധാരണക്കാരായ പ്രവർത്തകർ ചോരനീരാക്കി പണിയെടുക്കുമ്പോൾ, ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരുന്ന് കോടികൾക്ക് സീറ്റ് കച്ചവടം നടത്തുന്നതാണ് കോൺഗ്രസ് ശൈലിയെന്ന്‌ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


മുൻ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് തന്നെ തെളിവുകൾ സഹിതം പരാതിയുമായി രംഗത്തെത്തിയത് ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. സ്വന്തം പാർട്ടിക്കാരെപ്പോലും വഞ്ചിക്കുന്ന ഇവർ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക. പണക്കൊഴുപ്പും ഗ്രൂപ്പ് വഴക്കും കാരണം കോൺഗ്രസ് സ്വയം തകരുകയാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home