മാലിന്യംവിറ്റ് കാസർകോട് ഹരിതകർമസേന നേടിയത് 1.17 കോടി രൂപ
മാലിന്യം വിറ്റ് കോടിയടിച്ചു

കാസർകോട് : ‘മാലിന്യമുക്തം നവകേരളം’ പദ്ധതി പ്രവർത്തകരായ ഹരിതകർമ സേനാംഗങ്ങൾ 2024ൽ കാസർകോട് ജില്ലയിൽ മാലിന്യംവിറ്റ് നേടിയത് 1.17 കോടി രൂപ. മാലിന്യം വാങ്ങി വിറ്റ സർക്കാർ, സ്വകാര്യ ഏജൻസികളും 1.65 കോടി രൂപ വരുമാനമുണ്ടാക്കി. ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക്കുപോലും കഴുകിയുണക്കി കൈമാറിയാൽ വിലകിട്ടുമെന്നത് പ്രചാരണം മാത്രമല്ലെന്ന് ഇവർ തെളിയിക്കുകയാണ്.
പ്ലാസ്‌റ്റിക്കിനുമാത്രമല്ല, പഴകിയ തുണി, പേപ്പർ, കളിപ്പാട്ടം, ഇ വേസ്റ്റ് എന്നിവയ്‌ക്കെല്ലാം വിലയുണ്ട്. പോയവർഷം 327.297 ടൺ പഴന്തുണിയാണ് ജില്ലയിൽനിന്ന് മാലിന്യം വാങ്ങുന്ന കമ്പനികൾക്കായി കയറ്റിയയച്ചത്. 141.86 ടൺ മൾട്ടി ലെയർ പ്ലാസ്‌റ്റിക്കും കയറ്റി അയച്ചതിൽപ്പെടും. ലെയ്‌സ് അടക്കമുള്ള പാക്കറ്റ് വിഭവങ്ങൾ പൊതിയുന്ന തരത്തിലുള്ള, ദീർഘകാലം നിലനിൽക്കുന്ന പ്ലാസ്‌റ്റിക്കാണ് ഇത്.
പുനരുപയോഗിക്കാനാകാത്ത മാലിന്യം 3812.48 ടൺ കയറ്റിയയച്ചു. കത്തിക്കാൻ പറ്റുന്നവ സിമന്റ് ഫാക്ടറിക്കും ക്ലോസറ്റ് പോലുള്ള മാലിന്യങ്ങൾ നിലംനികത്താനും നൽകും. ടാറിങ്ങിനുപയോഗിക്കാനോ കത്തിക്കാനോ പറ്റാത്ത പ്ലാസ്‌റ്റിക് മാലിന്യം ശാസ്‌ത്രീയമായ നിലം നികത്തലിനും ഉപയോഗിക്കുന്നുണ്ട്.










0 comments