print edition ഉത്സവബത്ത നൽകാൻ ഉത്തരവിറങ്ങിയില്ല; ഹരിത കർമ സേനാംഗങ്ങളെ മറന്ന് സർക്കാർ

കോട്ടയം: മഴയും വെയിലുംകൊണ്ട് വീടുകൾ കയറിയിറങ്ങി നാട് ശുചീകരിക്കാൻ മുന്നിട്ടിറങ്ങുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത നൽകുന്നതിൽ ഉത്തരവിറക്കാതെ സംസ്ഥാന സർക്കാർ.
2023 മുതൽ എൽഡിഎഫ് സർക്കാർ ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്ത നൽകിയിരുന്നു. ഇത്തവണ ഇതുസംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം 1250 രൂപ വീതമാണ് നൽകിയത്. ഉത്സവബത്ത നൽകാനായി തനത് ഫണ്ടിൽനിന്ന് പണം അനുവദിക്കാൻ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കുന്നതാണ് കീഴ്‌വഴക്കം. ഓണം പടിവാതിൽക്കലെത്തിയിട്ടും ഇതുവരെ സർക്കാർ ഉത്തരവിറക്കിയിട്ടില്ല.
ഉത്തരവിറങ്ങാത്തതിനാൽ ബാക്കി നടപടിക്രമങ്ങൾ നടത്താൻ തദ്ദേശ സ്ഥാപനത്തിന് ആവുകയുമില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റുമുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഹരിതകർമ സേനാംഗങ്ങളുടെ കാര്യം മുഖ്യമന്ത്രി പരാമർശിച്ചില്ല.
അജൈവ മാലിന്യങ്ങൾ വീടുകളിലെത്തി ശേഖരിച്ച് എംസിഎഫുകളിലെത്തിച്ച് നാടിന്റെ ശുചിത്വപരിപാലനത്തിൽ വലിയ പങ്കുവഹിക്കുന്നവരാണ് ഹരിതകർമ സോനാംഗങ്ങൾ.
ഇതുവരെ എല്ലാ വർഷവും ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇത്തവണ അനശ്‌ചിതത്വത്തിലായത്. ഹരിത കർമസേനാംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ഉത്സവബത്ത സംബന്ധിച്ച് തിരക്കുന്നുണ്ടെങ്കിലും സർക്കാർ തീരുമാനം വരാത്തതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടിയാണ് ലഭിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ ഉത്സവബത്ത വിതരണവും നിർത്തുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞ് പകർച്ചവ്യാധികൾ പകരാതെ നാടിനെ കാക്കാൻ കാവൽനിന്ന കേരളത്തിന്റെ ശുചിത്വസേനയെയാണ് സർക്കാർ ഓണക്കാലത്ത് മറന്നത്.










0 comments