print edition ഗഫൂറിന് മന്ത്രിസ്ഥാനം; ലീഗിൽ രോഷം

സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പ്രവർത്തകന്റെ പ്രതിഷേധക്കുറിപ്പ്
കൊച്ചി: കളമശേരി എംഎൽഎ വി ഇ അബ്‌ദുൾ ഗഫൂറിന് മന്ത്രിസ്ഥാനം നൽകിയതിൽ മുസ്ലിം ലീഗിൽ കനത്ത രോഷം. ലീഗ് മന്ത്രിമാരുടെ വിവരങ്ങൾ പങ്കിട്ട സാദിഖലി തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിനുതാഴെ പ്രവർത്തകരുടെ പരിഹാസമാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പേജിലും പ്രതിഷേധ കമന്റുകൾ നിറഞ്ഞു. രോഷം കനത്തതോടെ ഹാരിസ് ബീരാൻ എംപിക്ക് ഫെയ്‌സ്‌ബുക്കിൽ കമന്റ് ബോക്‌സ് പൂട്ടേണ്ടി വന്നു.
അബ്‌ദുൾ ഗഫൂറിനെ ‘ബിരിയാണിച്ചെന്പിൽ വീണ മണ്ണെണ്ണക്കുപ്പി’ എന്നാണ് സാദിഖലി തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പ്രവർത്തകൻ പരിഹസിച്ചത്.
മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനും ഹാരിസ് ബീരാൻ എംപിയുടെ മച്ചുനനുമായ ഗഫൂറിന് കുടുംബ മാഹാത്മ്യത്തിനപ്പുറം എന്ത് യോഗ്യതയാണുള്ളതെന്ന് കമന്റുകളിൽ പ്രവർത്തകർ ചോദിക്കുന്നു. ആകെ അഞ്ച് മന്ത്രിയും നാല് എംപിമാരും മാത്രമുള്ളപ്പോൾ അത് ഒരേ കുടുംബത്തിലെ പലർക്കായി പങ്കിടുന്നതിനെതിരെയും പ്രതിഷേധമുണ്ട്.
‘കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനംവരെ തിരുത്തിച്ച ലീഗിന്റെ തെറ്റായ തീരുമാനം ആരാണ് തിരുത്തുക? കളമശേരിയിൽ ജയിച്ചതിനപ്പുറം വാ തുറന്ന് പാർടിക്കുവേണ്ടി സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.’– തുടങ്ങി നീളുന്നു വിമർശം. പാറക്കൽ അബ്ദുള്ള, എ കെ എം അഷ്‌റഫ്, ആബിദ് ഹുസൈൻ തങ്ങൾ, ടി വി ഇബ്രാഹിം തുടങ്ങിയവരെ തഴഞ്ഞ് ഗഫൂറിനെ പരിഗണിച്ചത് തെറ്റായെന്നും ലീഗുകാർ പറയുന്നു.











0 comments