ad
Deshabhimani

ഹരിപ്പാട് നവജാതശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവം: കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊൻപതുകാരി

Haripad.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 02, 2026, 04:54 PM | 1 min read

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. തനിക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് യുവതി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.


കുഞ്ഞിനെ ഏറ്റെടുക്കാനായി സിഡബ്ല്യുസി അധികൃതർ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി രംഗത്തെത്തിയത്. പ്രസവിച്ച ആദ്യ ദിനങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന കർശന നിലപാടിലായിരുന്നു ഇവർ.


എന്നാൽ, നവജാതശിശുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അമ്മയ്ക്കൊപ്പം നിലവിൽ കുഞ്ഞിനെ വിട്ടയക്കുന്നതിൽ കടുത്ത സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്.


ആദ്യ ദിവസങ്ങളിൽ ചൈൽഡ് ലൈൻ കൗൺസിലർമാരോട് പെൺകുട്ടി ഒട്ടും സഹകരിച്ചിരുന്നില്ല. എന്നാൽ തുടർച്ചയായ കൗൺസലിംഗിന് ഒടുവിലാണ് കാര്യങ്ങൾ വിശദമായി സംസാരിക്കാനും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്താനും യുവതി തയ്യാറായത്. താൻ ഗർഭിണിയാണെന്ന വിവരം മുൻപ് അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി.


അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. നിലവിൽ എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ് പെൺകുട്ടി.


അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാൽ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ലെന്നും യുവതി വെളിപ്പെടുത്തി. താൻ ഗർഭിണിയായതും പ്രസവിച്ചതുമൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും യുവതി അധികൃതരോട് പറഞ്ഞു. പെൺകുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home