ഹാപ്പിലാൻഡിൽ അപകടത്തിന് പിന്നാലെ അനാസ്ഥ: പരിക്കേറ്റവരെ മാറ്റിയത് മാലിന്യവണ്ടിയിലെന്ന് ആക്ഷേപം

തിരുവനന്തപുരം: വെമ്പായം ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിന് പിന്നാലെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഉണ്ടായതെന്ന് നാട്ടുകാരുടെ പരാതി.
അപകടം നടന്ന് നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം വൈകിപ്പിച്ചതായും പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും നാട്ടുകാർ ആരോപിച്ചു.
വലിയൊരു അപകടം നടന്നിട്ടും പാർക്കിലെ മറ്റ് വിനോദോപാധികൾ നിർത്താനോ, അകത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനോ അധികൃതർ തയ്യാറായില്ല.
അപകടവിവരം പുറത്തറിയിക്കാൻ വൈകിയതായും ആംബുലൻസ് വിളിക്കാൻ പോലും പാർക്ക് അധികൃതർ തയ്യാറായില്ലെന്നും ആംബുലൻസ് ഡ്രൈവർ വെളിപ്പെടുത്തി. പാർക്കിൽ യാതൊരുവിധ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളോ ആംബുലൻസോ ഉണ്ടായിരുന്നില്ല.
തകരാറിലുള്ള റൈഡുകൾക്ക് മുന്നിൽ പോലും യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാറില്ലെന്നും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും ആംബുലൻസ് ഡ്രൈവറും നാട്ടുകാരും ആരോപിക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.










0 comments