താനൂരിൽ വിദ്യാർഥികൾ നാടുവിട്ട സംഭവം; കേസിൽ അസ്വാഭാവികതകളില്ലെന്ന് അന്വേഷക സംഘം

താനൂർ: താനൂരിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കേസിന്റെ അന്വേഷണത്തിനായി മുംബൈയിലേക്ക് പോയ പൊലീസ് സംഘം തിരിച്ചെത്തി. താനൂർ സ്റ്റേഷനിലെ എസ്ഐ പി സുകേഷ്കുമാർ, സീനിയർ സിപിഒ എ ഷമീർ എന്നിവരാണ് തുടരന്വേഷണത്തിനായി മുംബൈയിൽ പോയത്. പെൺകുട്ടികൾ വലിയ തുക ചെലവഴിച്ച് ഹെയർ ട്രീറ്റ്മെന്റ് നടത്തിയ സലൂണിലടക്കം സംഘം പരിശോധന നടത്തി.
സലൂൺ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവർത്തകരുടെയും മൊഴിയെടുത്ത പൊലീസ് കേസിൽ അസ്വാഭാവികതകളില്ലെന്ന് അറിയിച്ചു. എങ്കിലും സ്കൂൾ അധികൃതരും രക്ഷിതാക്കളും വിവിധ സംഘടനകളും സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്ന സാഹചര്യത്തിൽ എല്ലാ സാധ്യതകളും പരിഗണിച്ച് വിശദമായ അന്വേഷണം നടത്തിയതിനു ശേഷമേ കേസ് അവസാനിപ്പിക്കൂവെന്ന് താനൂർ ഡിവൈഎസ്പി പി പ്രമോദ് ദേശാഭിമാനിയോട് പറഞ്ഞു.
വിദ്യാർത്ഥികളെ മുംബൈയിലെത്തിച്ച എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീം(26) തിരൂർ സബ് ജയിലിൽ റിമാൻഡിൽ തുടരുകയാണ്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടെ അക്ബർ റഹീം ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം മുംബൈയിലേക്ക് പോയിരിക്കയാണെന്നും തിരികെ എത്തുന്നത് വരെ അപേക്ഷ നീട്ടണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും റഹീമിന്റെ ജാമ്യാപേക്ഷ തള്ളുകയു ചെയ്തു. തുടർ അന്വേഷണത്തിന് പ്രതിയെ ഇപ്പോൾ കസ്‌റ്റഡിയിൽ വാങ്ങേണ്ടതില്ല എന്ന നിലപാടിലാണ് പൊലീസ്. അതേസമയം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം പെൺകുട്ടികളെ രക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കയച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാകാനുളള എല്ലാ സൗകര്യങ്ങൾ തുടർന്നും നൽകാനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം.
മാർച്ച് ആറിന് പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളെ ഏഴിന് രാത്രി ആർപിഎഫ് കണ്ടെത്തുകയായിരുന്നു. മുംബൈ-ചെന്നൈ എഗ്മാേർ ട്രെയിനിൽ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽവച്ചാണ് കുട്ടികളെ കണ്ടെത്തിയത്.










0 comments