print edition ഹാൻവീവിൽ മാസങ്ങളായി വേതനമില്ല; സർക്കാർ ഇടപെടുന്നില്ല

സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:00 AM | 1 min read
കണ്ണൂർ : സംസ്ഥാന കൈത്തറി വികസന കോർപറേഷനിൽ (ഹാൻവീവ്) ജീവനക്കാർക്ക് നാലു മാസമായി ശമ്പളമില്ല. ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശന്പളമാണ് കുടിശ്ശികയായത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓണക്കാലത്തും ഹാൻവീവിലെ നെയ്‌ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലാകും.
യുഡിഎഫ് സർക്കാർ കൈത്തറി മേഖലയ്‌ക്ക് ഒന്പത് കോടിരൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയത്. ഹാൻടെക്‌സ്, ഹാൻവീവ്, ജില്ലാ കൈത്തറി സംഘങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് കൈത്താങ്ങാകാൻ ഇൗ തുക തീർത്തും അപര്യാപ്‌തമാണ്. പ്രതിസന്ധി പരിഹരിക്കാൻ മതിയായ തുക പ്രതീക്ഷിച്ചിരുന്ന ഹാൻവീവ് തൊഴിലാളികൾ കടുത്ത നിരാശയിലാണ്.
ഹാൻവീവിലെ നെയ്‌ത്തുതൊഴിലാളികളുടെ കൂലിയും മാസങ്ങളായി കുടിശ്ശികയാണ്. 1.25 ലക്ഷം മീറ്റർ കൈത്തറി യൂണിഫോം നൽകിയതിന്റെ പണം ഹാൻവീവിന് ലഭിക്കാനുണ്ട്. ഹാൻടെക്‌സിനും കൈത്തറി സംഘങ്ങൾക്കും യൂണിഫോം കൂലിക്കുടിശ്ശിക കിട്ടാനുണ്ട്.
ഹാൻവീവിൽ 150 ജീവനക്കാരുണ്ട്. 2023 മുതൽ പിഎഫ് ഫണ്ടിലേക്ക് തൊഴിലുടമാവിഹിതം അടയ്‌ക്കാത്തതിനാൽ 2025നുശേഷം വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. ശന്പളം മുടങ്ങിയ സാഹചര്യത്തിൽ പിഎഫിൽനിന്ന് അത്യാവശ്യങ്ങൾക്ക് പണം പിൻവലിക്കാനുമാകുന്നില്ല. തൊഴിലാളികളുടെ ഉൽപ്പാദന ബോണസും കുടിശ്ശികയാണ്.
എൽഡിഎഫ് സർക്കാർ വർഷങ്ങളായി വിരമിക്കൽ ആനുകൂല്യം ഒരുമിച്ച് വിതരണം ചെയ്‌തിരുന്നു. ഹാൻവീവിന് സർക്കാരിൽനിന്ന് ലഭിക്കാനുള്ള പണം നൽകുകയും ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കുകയും ചെയ്‌താൽ തീരാവുന്ന പ്രതിസന്ധി മാത്രമാണുള്ളതെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. നടത്തിപ്പിലെ പോരായ്‌മകളും ദീർഘവീക്ഷണമുള്ള നടപടികളില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തെ അനുവദിച്ച ബജറ്റ് വിഹിതത്തിൽ നൽകാൻ ബാക്കിയുള്ള 1.2 കോടി ലഭിച്ചാൽ ശന്പളക്കുടിശ്ശിക കൊടുക്കാനാകും. യൂണിഫോം തുണിയുടെയും തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തുണി നൽകിയതിന്റെയും കുടിശ്ശിക കിട്ടിയാൽ ഓണപ്രതിസന്ധി മറികടക്കാം










0 comments