പാതിവില തട്ടിപ്പ്: മുഖ്യപ്രതി അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കട്ടപ്പന: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ചോദ്യം ചെയ്യാൻ പൊലീസ് നൽകിയ അപേക്ഷയിൽ കട്ടപ്പന കോടതിയുടേതാണ് നടപടി.
പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് ഇതുവരെ 1,343 കേസ് പൊലീസ് രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിൽ 665 കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപിമേൽനോട്ടം വഹിക്കും. മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ അനന്തുകൃഷ്ണൻ, കെ എൻ ആനന്ദകുമാർ, രവി പന്നക്കൽ, പി പി ബഷീർ, റിയാസ്, മുഹമ്മദ് ഷാഫി എന്നിവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ച 386 കേസുണ്ട്. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി, ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി, തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപയും സംഘം തട്ടി. 279 കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭഘട്ടത്തിലാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
0 comments