പാതിവില തട്ടിപ്പ്; വർക്കലയിലും വിഴിഞ്ഞത്തുമായി തട്ടിയത് 92.5 ലക്ഷം

വർക്കല: പകുതി വില സാമ്പത്തിക തട്ടിപ്പിലൂടെ വർക്കലയിൽനിന്ന് 91,50,489 രൂപ തട്ടിയെടുത്തതായി പരാതി. വർക്കല, അയിരൂർ സ്റ്റേഷനുകളിലാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്.
ജില്ലാ - സംസ്ഥാന കോഓർഡിനേറ്റർമാരടക്കം 14 പേർക്കെതിരെയാണ് പരാതി. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ആൻഡ് സ്റ്റേറ്റ് പ്രോജക്ട് കോഓർഡിനേറ്റർ അനന്തകൃഷ്ണൻ ഒന്നാം പ്രതിയും സീഡ് സൊസൈറ്റി ജില്ലാ കോഓർഡിനേറ്റർ രജിത ആചാര്യ ആറാം പ്രതിയുമാണ്.
2024 ജനുവരി 27 ന് സായി ഗ്രാമത്തിൽ ഒന്നും രണ്ടും ആറും പ്രതികൾ പങ്കെടുത്ത ചടങ്ങും സംഘടിപ്പിച്ചിരുന്നു. വർക്കല ബ്ലോക്കിലെ സീഡ് സൊസൈറ്റിയുടെ കീഴിൽ ആൾക്കാരിൽനിന്നും സ്‌കൂട്ടറിനായി 93 പേരിൽനിന്നും 55,08,000 രൂപയും ഗൃഹോപകരണങ്ങൾക്ക് 55 പേരിൽനിന്നും 15,43,229 രൂപയും വാട്ടർടാങ്കിനായി 2 പേരിൽനിന്നും 5000 രൂപയും ലാപ്‌ടോപ്പിനായി 19 പേരിൽനിന്നും 5,50,000 രൂപയും കർഷക കാർഡിനായി 60 പേരിൽനിന്നും 70800 രൂപയും മൊബൈൽ ഫോണിനായി 43 പേരിൽനിന്നും 6,67,500 രൂപയും ഭക്ഷ്യക്കിറ്റിനായി 47 പേരിൽനിന്നും 1,41,000 രൂപയും അംഗത്വത്തിന് 1453 പേരിൽനിന്നും 4,64,960 രൂപയും ഹോം പ്രോജക്ടിനായി 4 പേരിൽനിന്നും 2,00000 രൂപയും ചേർത്ത് 91,50,489 രൂപ പ്രതികൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
കോവളം വിഴിഞ്ഞത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പയറ്റുവിള മന്നോട്ടുകോണം എസ് യു നിവാസിൽ എം പി മഹില (29) ആണ് പരാതിനൽകിയത്. വടക്കൻ പരവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജനസേവ സമിതി ട്രസ്റ്റിനും ഏജന്റിനുമെതിരെയാണ് പരാതി. കേസിൽ ട്രസ്റ്റ് ഒന്നാം പ്രതിയായും ഏജന്റ് രതീഷ് ബാലകൃഷ്ണൻ രണ്ടാം പ്രതിയായും വിഴിഞ്ഞം പൊലീസ് കേസെടുത്തു.
പാതി വിലയ്ക്ക് സ്കൂട്ടർ കിട്ടുമെന്ന് ഇടുക്കിയിൽ പ്രചരിച്ച നോട്ടീസ് ഭർതൃസഹോദരി വഴി മഹിലയ്ക്ക് ലഭിക്കുകയായിരുന്നു. ആറുമാസംകൊണ്ട് സ്കൂട്ടർ കിട്ടുമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് ഇടപാടുകൾ നടന്നത്. രേഖകൾ എല്ലാം ഗൂഗിൾ ഫോമിലൂടെയും നൽകി. 62,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചതായും ഇടനിലക്കാരന് 500 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ അമ്മ കുടുംബശ്രീയിൽനിന്ന് ലോണെടുത്ത തുകയാണ് ഇത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി വിഴിഞ്ഞം എസ്എച്ച്ഒ ആർ പ്രകാശ് പറഞ്ഞു.
പൂവാർ മേഖലയിൽ നിന്ന് മാത്രം മുപ്പതോളം പരാതികൾ ലഭിച്ചതായി പൂവാർ എസ്എച്ച്ഒ പറഞ്ഞു.








0 comments