print edition ഹജ്ജ്: കൊച്ചിയിൽനിന്ന് 430 യാത്രക്കാരുമായി ആദ്യവിമാനം യാത്രയായി

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് യാത്രയായി. വ്യാഴം പകൽ 2.10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഫ്ലൈനാസ് എയർവെയ്സ് വിമാനത്തിൽ 216 പുരുഷൻമാരും 214 വനിതകളും അടക്കം 430 പേരാണ് യാത്രയായത്. വെള്ളിയാഴ്‌ച രണ്ട് സർവീസുകൾ ഉണ്ടാകും. ആദ്യവിമാനം രാവിലെ എട്ടിനും രണ്ടാമത്തേത് വനിതകൾക്കുമാത്രമായി രാത്രി 11നും പുറപ്പെടും. ശനിയാഴ്‌ച മൂന്ന് സർവീസുകളുണ്ടാകും. പുലർച്ചെ 2.45നും രാത്രി 7.30നും 10.10നും.
മെയ് 19നാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ പൂർത്തിയാവുക. ഓരോ വിമാനത്തിലും 430 യാത്രക്കാർവീതമുള്ള 20 സർവീസുകളാണ് ഉണ്ടാവുക. നെടുമ്പാശേരിയിൽനിന്ന് സ്ത്രീകൾക്കുമാത്രമായി ആറ് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ആദ്യഘട്ട സർവീസുകൾ എട്ടിന് അവസാനിക്കും. തീർഥാടകർ 40 മുതൽ 45 ദിവസംവരെ മക്കയിലും മദീനയിലും ചെലവഴിക്കും. രണ്ടാംഘട്ട സർവീസുകൾ 17, 18, 19 തീയതികളിലാണ്. ഇവർ 25 ദിവസമാണ് ചെലവഴിക്കുക.
കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർ പോകുന്നത്. കരിപ്പൂർ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽനിന്നുള്ള ഹജ്ജ് സർവീസുകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. നെടുമ്പാശേരിയിൽനിന്നുള്ള ആദ്യവിമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഫ്ലാഗ്ഓഫ് ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ സി ഷാനവാസ്, ഡപ്യുട്ടി ഡിഇഒ മുഹമ്മദ് നിയാസ് അഹമ്മദ്, എയർപോർട്ട് ഡയറക്ടർ സി ജി മനു, എ എം ആരിഫ്, അൻവർ സാദത്ത് എംഎൽഎ, മുഹമ്മദ് സാലിം എന്നിവർ സംസാരിച്ചു. തീർഥാടകരുടെ യാത്രയയപ്പ് സംഗമത്തിൽ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് സെൽ ഓഫീസർ ഷെമീർ ഖാൻ എന്നിവർ യാത്രാനിർദേശങ്ങൾ നൽകി.










0 comments