Deshabhimani

print edition വിലക്കുകൾ മറികടന്ന് പ്രക്ഷോഭം; രാജ്യമാകെ ജന്തർമന്തർ

jantar

ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആറിന്റെ നേതൃത്വത്തിൽ നടത്തിയ പീപ്പിൾസ്‌ മാർച്ചിൽ 
അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, വി ശിവദാസൻ എംപി തുടങ്ങിയവർ

avatar
എം അഖിൽ

Published on Oct 24, 2026, 12:38 AM | 2 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക്‌ കടിഞ്ഞാണിടാൻ ഡൽഹിയിലെ ജന്തർമന്തർ മോദി സർക്കാർ അടച്ചുപൂട്ടിയപ്പോൾ രാജ്യമുടനീളം നൂറുകണക്കിന്‌ ജന്തർമന്തറുകൾ സൃഷ്‌ടിച്ച്‌ പതിനായിരങ്ങളുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളിൽ കർഷകരും തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും അഭിഭാഷകരും ബുദ്ധിജീവികളും സാധാരണക്കാരും ദേശീയപതാകയുമായി പ്രതിഷേധിച്ചു.


ഗ്യാനേഷ്‌ കുമാർ രാജിവെക്കുക, എസ്‌ഐആർ പിൻവലിക്കുക, വോട്ടുകൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ തെരുവുകളെ പ്രകന്പനം കൊള്ളിച്ചു. വിലക്കുകളും നിയന്ത്രണങ്ങളും ലംഘിച്ച്‌ മാർച്ച്‌ നടത്തിയ ആയിരക്കണക്കിന്‌ പേർ അറസ്റ്റിലായി.

ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആറിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ്‌ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു‍. തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദന്‌ മുന്നിൽ എത്തിയപ്പോൾ പ്രതിഷേധക്കാരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


​ഭായ്‌ വീർ സിങ്‌ മാർഗിൽനിന്നാരംഭിച്ച മാർച്ചിന്‌ സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, പൊളിറ്റ്‌ ബ്യ‍ൂറോ അംഗം വിജൂ കൃഷ്‌ണൻ, വി ശിവദാസൻ എംപി, അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ഡിവൈഎഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി അമൻ സെയ്‌നി, എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ്‌ ഇളമൺ‍, പ്രസിഡന്റ്‌ നാദിയ, സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ അംഗം ആനി രാജ, പി സന്തോഷ്‌ കുമാർ എംപി, എഐഎസ്‌എഫ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ വിരാജ്‌ ദേവാങ്ക്‌, ഐസ നേതാവ്‌ അഞ്‌ജലി, കെവൈഎസ്‌ നേതാവ്‌ മുദിത, സാമൂഹ്യപ്രവർത്തകരായ അഞ്ജലി ഭരദ്വദാജ്‌, യോഗേന്ദ്ര യാദവ്‌ തുടങ്ങിയവർ നേതൃത്വം നൽകി.


പാൽഘർ ജില്ലയിലെ ദഹാനുവിൽ നടന്ന എസ്ഐആർ വിരുദ്ധ റാലിക്ക്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ അശോക്‌ ധാവ്‌ളെ, മറിയം ധാവ്ളെ,‍ കേന്ദ്രകമ്മിറ്റി അംഗം വിനോദ്‌ നിക്കോളെ എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി. തലസാരി, വിക്രംഗഡ്‌, വാഡ, പാൽഘർ, വസായ്‌ താലൂക്കുകളിലും വലിയ ജനപങ്കാളിത്തോടെ റാലികൾ സംഘടിപ്പിച്ചു.

ബംഗളൂരുവിൽ ട‍ൗൺഹാൾ മുതൽ ഫ്രീഡം പാർക്ക്‌ വരെ ദേശീയപതാകകളേന്തി നിരവധിപേർ മാർച്ച്‌ ചെയ്‌തു. വിദ്യാർഥിനികളെ ഉൾപ്പെടെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌തു. ശിവമോഗയിലും നൂറുകണക്കിനാളുകൾ അണിനിരന്നു. ഹിമാചൽപ്രദേശിലെ പാലംപുരിൽ അഡ്വ. പ്രശാന്ത്‌ ഭൂഷൺ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

ലഖ്‌ന‍ൗവിലെ മാർച്ചിന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണമെന്ന്‌ ടിക്കായത്ത്‌ ആഹ്വാനം ചെയ്‌തു. ഹരിയാനയിലെ കർണാലിലും ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട്‌ മാർച്ച്‌ നടന്നു.

പശ്‌ചിമബംഗാളിൽ എസ്‌ഐആർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ബിജെപി സർക്കാർ രംഗത്തെത്തി. ആന്ധ്രാപ്രദേശിൽ മംഗൾപുരിയിലും കർഷകർ മാർച്ച്‌ നടത്തി. ഒഡിഷയിലെ ഭുവനേശ്വറിൽ മഹാത്മാഗാന്ധി മാർഗിൽ പ്രതിഷേധം അരങ്ങേറി. ആൻഡമാനിലെ പോർട്ട്ബ്ലയറിൽ നടന്ന പ്രതിഷേധപരിപാടിയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഹൈദരാബാദിലും ജയ്‌പുരിലും അസമിലെ ഗുവാഹത്തി, തിൻസുകിയ, സിൽച്ചാർ, തേസ്‌പുർ, രംഗിയ, നൽബാരി, ഗോറേശ്വർ തുടങ്ങിയയിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home