ad
Deshabhimani

വാട്ടർ മെട്രോ കൊച്ചിയുടെ വികസനക്കുതിപ്പിന്റെ അടയാളം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ

gyanesh kumar metro
വെബ് ഡെസ്ക്

Published on Mar 07, 2026, 09:51 PM | 1 min read

കൊച്ചി: കൊച്ചി നഗരം കൈവരിച്ച വൻ വികസനത്തിന്റെ തെളിവാണ് വാട്ടർ മെട്രോയെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം, മുൻപ് താൻ ജില്ലാ കളക്ടറായും കൊച്ചി കോർപ്പറേഷൻ കമ്മീഷണറായും സേവനമനുഷ്ഠിച്ച കാലത്തെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് വാട്ടർ മെട്രോയിൽ യാത്ര നടത്തിയത്. അന്ന് നഗരത്തിൽ ജലഗതാഗത സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇത്രയും സുസംഘടിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു മാറ്റം കൊച്ചിക്ക് വലിയ പുരോഗതിയാണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ഹൈക്കോർട്ട് ടെർമിനലിൽ എത്തിയ അദ്ദേഹത്തെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട യാത്രയിൽ ഫോർട്ട് കൊച്ചി ടെർമിനലും അദ്ദേഹം സന്ദർശിച്ചു. ഐഐടി കാൻപൂർ മുൻ വിദ്യാർഥി കൂടിയായ അദ്ദേഹം പദ്ധതിയിലെ സാങ്കേതിക മികവിനെ പ്രത്യേകം അഭിനന്ദിക്കുകയും, ഇന്ത്യയിൽ വെള്ളമുള്ള മറ്റ് നഗരങ്ങളിലും ഇത്തരം സംവിധാനങ്ങൾ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനങ്ങൾ കെഎംആർഎൽ നടത്തിവരികയാണെന്ന് ലോക്നാഥ് ബെഹ്റ ചടങ്ങിൽ വ്യക്തമാക്കി.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ മികച്ച വേദിയാകുമെന്ന് ഗ്യാനേഷ് കുമാർ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ സുതാര്യത ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഇത് സഹായിക്കും. ലോകോത്തര നിലവാരത്തിലുള്ള യാത്രാ അനുഭവമാണ് വാട്ടർ മെട്രോ നൽകുന്നതെന്ന് സന്ദർശക ബുക്കിൽ രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ ജി പ്രിയങ്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യാത്രയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home