Deshabhimani

വെെകിട്ട് അഞ്ചിനുശേഷം എത്രപേർ വോട്ട് ചെയ്തു?: കമീഷന്‌ കണക്കില്ല

gyanesh kumar
വെബ് ഡെസ്ക്

Published on Nov 20, 2026, 04:06 AM | 2 min read

ന്യൂഡൽഹി:; 2024ൽ ലോക്‌സഭാ–നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ 200 മണ്ഡലങ്ങളിൽ വൈകിട്ട്‌ അഞ്ചിന്‌ ശേഷം പോൾചെയ്ത വോട്ടുകളുടെ കണക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ രേഖകളിലില്ല. -‘ദ റിപ്പോർട്ടേഴ്സ്‌ കളക്‌ടീവ്‌’ ആണ്‌ വിവരം പുറത്തുവിട്ടത്‌. 530 മണ്ഡലങ്ങളുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ്‌ 200 മണ്ഡലങ്ങളിലെ കണക്കുകൾ കമീഷന്റെ രേഖകളിലില്ലെന്ന്‌ കണ്ടെത്തിയത്‌. ഇതിൽ 180 നിയമസഭ മണ്ഡലങ്ങളും 20 ലോക്‌സഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നു. 23 മണ്ഡലങ്ങളിൽ പോളിങ്‌ അവസാനിക്കുന്ന സമയത്ത്‌ ക്യൂവിൽ നിന്നവർക്ക്‌ നൽകിയ സ്ലിപ്പുകളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടില്ല.


ഈ സ്ലിപ്പുകൾ ലഭിച്ചവർക്ക്‌ മാത്രമാണ്‌ ഔദ്യോഗിക പോളിങ്‌ സമയം അവസാനിച്ചതിനുശേഷം വോട്ട്‌ ചെയ്യാനാവുക. മഹാരാഷ്ട്രയിലെ 114 നിയമസഭാ മണ്ഡലങ്ങളിലെയും 18 ലോക്‌സഭാ മണ്ഡലങ്ങളിലെയും വൈകിട്ട്‌ അഞ്ചിന്‌ ശേഷമുള്ള പോളിങ്‌ രേഖകൾ കമീഷന്റെ കൈവശമില്ല. പോളിങ്‌ ദിവസം വൈകിട്ട്‌ അഞ്ചിന്‌ കമീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 58.22 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്തത്‌. എന്നാൽ, അടുത്തദിവസം പുറത്തുവിട്ട കണക്കിൽ ഇത്‌ 66.05 ശതമാനമായി ഉയർന്നു. അതായത്‌ 76 ലക്ഷം വോട്ടിന്റെ വർധന. മഹാരാഷ്ട്രയിലെ എൻഡിഎ നേതാവ്‌ ഏക്‌നാഥ്‌ ഷിൻഡെ വിജയിച്ച കോപ്രി–പച്പഖാഡി നിയമസഭാ മണ്ഡലത്തിലെ കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 1.20 ലക്ഷമായിരുന്നു ഷിൻഡെയുടെ ഭൂരിപക്ഷം. ജമ്മു കശ്‌മീരിലെ 44 നിയമസഭാ മണ്ഡലങ്ങളിലും ഹരിയാനയിലെ 22 മണ്ഡലങ്ങളിലും വൈകിട്ട്‌ അഞ്ചിന്‌ ശേഷമുള്ള പോളിങ്‌ കണക്ക് രേഖപ്പെടുത്തിയിട്ടില്ല.

എല്ലാ രണ്ട്‌ മണിക്കൂർ ഇടവിട്ടും ഉദ്യോഗസ്ഥർ പോളിങ്‌ ശതമാനം വിലയിരുത്തണം. വോട്ട്‌ ചെയ്യാനെത്തിയവരുടെ എണ്ണം പ്രത്യേകം രജിസ്റ്ററായ ഫോം 17എ യിൽ രേഖപ്പെടുത്തണം. ഓരോ രണ്ട്‌ മണിക്കൂറിലും ഇ‍ൗ കണക്കുകൾ ഒത്തുനോക്കും. ഇ‍ൗ സമയത്തെല്ലാം രണ്ട്‌ കണക്കുകളും തമ്മിൽ പൊരുത്തപ്പെടണമെന്നാണ്‌ നിയമം. എന്നാൽ‍, ഇ‍ൗ നിയമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. പോളിങ്ങിന്റെ അവസാനഘട്ടത്തിലാണ്‌ ക്രമക്കേടുകൾക്ക്‌ സാധ്യത എന്ന കാര്യം സംഭവത്തിന്റെ ഗ‍ൗരവം വർധിപ്പിക്കുന്നു.


മുസ്ലിങ്ങളെ പുറത്താക്കാൻ കൂട്ടപ്പരാതി; അന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവ്‌

ന്യൂഡൽഹി :ഡൽഹിയിലെ വോട്ടർപട്ടിക തീവ്രപുനഃപരിശോധനയിൽ മുസ്‌ലിങ്ങളെ പുറത്താക്കാൻ ഫോം ഏഴിനെ ബിജെപിക്കാർ ദുരുപയോഗിക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച്‌ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർക്കാണ്‌ നിർദേശം നൽകിയത്‌. പരാതി ശരിയാണെന്ന്‌ ബോധ്യപ്പെട്ടാൽ പരിഹാരനടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു. മുസ്‌തഫാബാദ്‌ മണ്ഡലത്തിൽ മുസ്‌ലീങ്ങളെ ലക്ഷ്യമിട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബിജെപിക്കാർ പരാതികൾ നൽകിയെന്ന്‌ കോൺഗ്രസ് നേതാവ് അലി മെഹ്ദിയാണ്‌ കോടതിയെ അറിയിച്ചത്‌.

ജീവിച്ചിരിക്കുന്നവരെ മരിച്ചുപോയതായി ചിത്രീകരിച്ച്‌ വോട്ടുനീക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഫോം ഏഴ്‌ നൽകിയത്‌. ആരോപിക്കപ്പെട്ടവർ ജീവിച്ചിരിക്കുന്നതിന്റെ തെളിവ്‌ അലി മെഹ്‌ദി കോടതിയിൽ ഹാജരാക്കി. മണ്ഡലത്തിലെ 787 മുസ്ലിം വോട്ടർമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപിയുടെ ബൂത്ത്‌ ഏജന്റുമാർ കൂട്ടപ്പരാതി നൽകിയെന്ന്‌ കാട്ടിയുള്ള മറ്റൊരു ഹർജിയും കഴിഞ്ഞദിവസം സമർപ്പിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home