ad
Deshabhimani

print edition ബിജെപിയുടെയും കോൺഗ്രസിന്റെയും വിശ്വസ്‌തൻ

Gyanesh Kumars 26
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 02:28 AM | 2 min read

ന്യൂഡൽഹി: 1988 ബാച്ച് കേരള കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ഗ്യാനേഷ്‌ കുമാർ സിവിൽ സർവീസിലുള്ളപ്പോൾ ബിജെപിക്കും കോൺഗ്രസിനും ഒരേപോലെ പ്രിയപ്പെട്ടവൻ. ഇ കെ നായനാരുടെയും കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളിൽ പ്രവർത്തിച്ചു. 2006ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി. എന്നാൽ വൈകാതെ അഴിമതിയാരോപണങ്ങളെ തുടർന്ന്‌ കേന്ദ്ര ഡെപ്യൂട്ടേഷനിൽ. യുപിഎ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയാണ്‌ ഇ‍ൗ ഘട്ടത്തിൽ തുണയായത്‌. പ്രതിരോധവകുപ്പിൽ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌ 2012ൽ യുഡിഎഫ്‌ സർക്കാർ വന്നതോടെ ഡൽഹി കേരള ഹ‍ൗസ്‌ റസിഡന്റ്‌ കമീഷണർ. കെഎസ്‌ടിപി പദ്ധതിയുടെ ഭാഗമായി റോഡ്‌ നിർമാണ കരാർ ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനി പതിബെല്ലിന്റെ കേരളത്തിന്റെ ചുമതലക്കാരനായ ലീ ബിൻ സീനിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുവന്നതോടെയാണ്‌ ഗ്യാനേഷ്‌ ആരോപണക്കുരുക്കിലായത്‌. കുറിപ്പിൽ ഗ്യാനേഷ്‌ അടക്കം പിഡബ്ല്യുഡി വകുപ്പിലെ പല പ്രമുഖർക്കുമെതിരെ കോഴ ആരോപണവും മറ്റും ഉന്നയിക്കപ്പെട്ടു. ഇതോടെ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ചു.

പിന്നാലെയാണ്‌ എ കെ ആന്റണിയുടെ സഹായത്താൽ കേന്ദ്ര സർവീസിലേക്ക്‌ മാറിയത്‌. രണ്ടാം മോദി സർക്കാരിന്റെ കാലത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ വിശ്വസ്‌തനായി. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനുള്ള ‘കുറുക്കു’വഴി കണ്ടെത്താൻ അമിത്‌ ഷാ നിയോഗിച്ച സംഘത്തിലുൾപ്പെട്ടു. വളഞ്ഞവഴിയിലൂടെ ഭരണഘടനയെ മറികടന്ന്‌ ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയുംചെയ്‌ത വിവാദ ബില്ലിന്‌ രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ അമിത്‌ ഷായുമായുള്ള അടുപ്പം വർധിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ്‌ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയുമായിരുന്ന ഗ്യാനേഷ്‌ കുമാർ പിന്നീട്‌ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി. സഹകരണ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതും കേന്ദ്രത്തിന്‌ കൂടുതൽ അധികാരങ്ങൾ നൽകുന്നതുമായ ഭേദഗതി ബിൽ തയ്യാറാക്കുന്നതിലും പങ്കാളിയായി. രാമക്ഷേത്രം ട്രസ്റ്റ്‌ രൂപീകരിക്കുന്നതിലും നിർണായക ഇടപെടലുകൾ നടത്തിയ ഗ്യാനേഷ്‌ അതിന്റെ പ്രഥമ എക്‌സ്‌ ഒഫീഷ്യോ അംഗമായി. 2024 ജനുവരിയിൽ സർവീസിൽനിന്ന്‌ വിരമിച്ച്‌ രണ്ടുമാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗമായി.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായിരുന്നു നിയമനം. തെരഞ്ഞെടുപ്പ്‌ കമീഷണറായിരുന്ന അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലാണ്‌ നിയമിക്കപ്പെട്ടത്‌. കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ്‌ സമിതിക്ക്‌ രൂപംനൽകിയുള്ള നിയമം പാസായ ശേഷം മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറാകുന്ന ആദ്യ വ്യക്തി ഗ്യാനേഷ്‌ കുമാറാണ്‌. തെരഞ്ഞെടുപ്പ്‌ സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊപ്പം സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ മറികടക്കാനായിരുന്നു തിടുക്കത്തിലുള്ള നിയമനിർമാണം. 2025 ഫെബ്രുവരിയിൽ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായ ഗ്യാനേഷ്‌ കുമാറിന്‌ 2029 ജനുവരി വരെ കാലാവധിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home