പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി; ബദൽ സംവിധാനം വരുന്നു

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ സുപ്രധാന തീരുമാനം എടുത്തത്.
ഗൾഫ് മേഖലയിൽ നിലവിൽ പരീക്ഷകൾ സുഗമമായി നടത്താൻ കഴിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷകൾ പൂർണ്ണമായും ഒഴിവാക്കി ബദൽ മൂല്യനിർണ്ണയ രീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികളുടെ മുൻകാല പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാകും ഫലം നിശ്ചയിക്കുക വിദ്യാർത്ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും സർട്ടിഫിക്കറ്റുകൾ നൽകുക.
പ്ലസ് വൺ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുക. കൂടാതെ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് പ്രത്യേക ബോണസ് മാർക്കും അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, പരീക്ഷാ മാറ്റവും പുതിയ മൂല്യനിർണ്ണയ രീതിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെക്കരുതിയാണ് അടിയന്തരമായി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. നേരത്തെ ഗൾഫിലെ പരീക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നതിനാലാണ് പുതിയ നീക്കം.











0 comments