ad
Deshabhimani

കേരളത്തില്‍ കുതിപ്പ്, ഗുജറാത്തില്‍ കിതപ്പ്; രണ്ട് അധ്യയന വര്‍ഷത്തിലായി അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍

Gujarat schools closed

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 04, 2026, 04:03 PM | 2 min read

'രണ്ട് അധ്യായന വര്‍ഷത്തിലായി 75 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ അടച്ചു പൂട്ടി' ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന് സംഘപരിവാര്‍ അവകാശപ്പെടുന്ന ഗുജറാത്തിലെ പൊതുവിദ്യാലയങ്ങളുടെ സ്ഥിതിയാണ് ഇത്. പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ എത്താത്തതും, പൊതു വിദ്യാലയങ്ങളുടെ പരിതാപകരമായ അവസ്ഥയും, അധ്യാപകര്‍ ഇല്ലാത്തതും ആണ് സ്കൂളുകള്‍ അടച്ചു പൂട്ടലിന്‍റെ വക്കിലെത്തിയത്.


ഗുജറാത്ത് നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2023-24, 2024-25 അധ്യയന വര്‍ഷങ്ങളില്‍ ഇത്രയുമധികം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയെന്ന കണക്ക്. ഗോത്രമേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് അധികവും. ഖാൻപൂർ , കാവന്ത് , പോഷിന താലൂക്കുകളിൽ വൻ കൊഴിഞ്ഞുപോക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികളെയാണ് പലയിടത്തും കാണാന്‍ സാധിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനായി ഒരു അധ്യാപകൻ മാത്രമുള്ളത് ഗുജറാത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭീകരാവസ്ഥയെ തുറന്ന് കാണിക്കുന്നു.


വിദ്യാര്‍ത്ഥികളുടെ ഭാവി കണ്ട് സ്കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ, അധ്യാപകരെ നിയമിക്കുന്നതിനോ ബിജെപി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടായിട്ടില്ലെന്ന് ഈ കണക്കുകളില്‍ നിന്നും വ്യക്തം.


അതേസമയം, കേരളത്തിലേയ്ക്ക് നോക്കിയാല്‍, ബഹുനില മന്ദിരങ്ങള്‍, ടൈലുകള്‍ വിരിച്ച മുറ്റങ്ങള്‍, എസി മുതല്‍ ലിഫ്റ്റ് വരെ, ഒറ്റനോട്ടത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിനെയും മറികടക്കുന്ന സൗകര്യങ്ങളാണ് പൊതുവിദ്യാലയങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും എന്ന എൽഡിഎഫ്‌ സർക്കാരിന്റെ നയമാണ് കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കാണാന്‍ സാധിക്കുക. കഴിഞ്ഞ 10 വർഷത്തിനിടെ 973 പൊതുവിദ്യാലയങ്ങളിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ പദ്ധതികളാണ്‌ കേരളത്തില്‍ നടപ്പിലാക്കിയത്. കെട്ടിടനിർമാണത്തിനു മാത്രം 3000 കോടിയും ഹൈടെക് ക്ലാസ്‌ മുറികൾക്കായി 1000 കോടിയും വിനിയോഗിച്ചു.


ഇതിനു പുറമേ പ്ലാൻ ഫണ്ട്, നബാർഡ്, എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി 5000 കോടിയിലധികം രൂപയുടെ വികസനവും നടപ്പാക്കി. കിഫ്ബി വഴി വിഭാവനം ചെയ്ത വിദ്യാലയങ്ങളിൽ 629 എണ്ണത്തിന്റെ നിർമാണം ഇതിനോടകം പൂർത്തിയാക്കി.- തീരദേശ വികസന കോർപറേഷൻ വഴി 53 സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഒരുക്കി.


എട്ട്‌ മുതൽ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ്‌ മുറികൾ ഹൈടെക്‌ ആക്കി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ 11,275 സ്‌കൂളുകളിൽ ഹൈടെക്‌ ലാബ്‌ ഒരുക്കി. കൈറ്റിന്റെ നേതൃത്വത്തിൽ ഹൈടെക്‌ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലും 1,35,551 ലാപ്‌ടോപ്പുകളും 69,945 പ്രൊജക്‌ടറുകളും അനുബന്ധ ഐടി ഉപകരണങ്ങളും എത്തിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 47,673 ലാപ്‌ടോപ്പുകളും വിതരണം ചെയ്‌തു.


സര്‍ക്കാര്‍ സ്കൂളുകളില്‍ വന്ന ഈ മാറ്റം ഏറ്റവും അധികം കുട്ടുകളെയാണ് ആകര്‍ഷിച്ചതെന്ന് 2025-26 അക്കാദമിക് വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. 40,906 കുട്ടികളാണ് അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്ക് എത്തിയത്. സ്കൂളുകളുടെ വളര്‍ച്ചയ്ക്ക് പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് സുരക്ഷാപദ്ധതിയും കൊണ്ടുവന്നു. ഉച്ചഭക്ഷണ മെനു കുട്ടികളുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയമായി പരിഷ്കരിച്ചു. ഇതെല്ലാം കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങളാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home