ad
Deshabhimani

അക്ഷരമുറ്റത്ത്‌ അതിഥിപ്രവേശം

print edition ‘വോ ഹാത്തി നഹീ, ആന ഹേ...’

scl

സ്കൂൾ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുന്ന ബിഹാർ സ്വദേശി മുഹമ്മദ് സഹനവാജും സഹോദരൻ 
മുഹമ്മദ്‌ റോഹാനും ഫോട്ടോ: എ ആർ അരുൺരാജ്

avatar
സ്വാതി സുജാത

Published on May 31, 2026, 01:58 AM | 1 min read

​തിരുവനന്തപുരം: ‘ഭയ്യാ... യേ ദേഖോ, ഇസ്‌മേം ഹാത്തി ഹേ!’– പുതിയ മലയാളം പാഠപുസ്തകത്തിലെ ആനയുടെ ചിത്രം കണ്ട് നാലുവയസുകാരൻ മുഹമ്മദ്‌ റോഹാൻ വിളിച്ചുപറഞ്ഞു. ചേട്ടൻ മുഹമ്മദ്‌ സഹനവാജിന്റെ ഗൗരവത്തിലുള്ള മറുപടിയെത്തി– "അരേ, വോ ഹാത്തി നഹീ, "ആന' ഹേ... ആന...'. ​ബിഹാറിൽനിന്ന് അച്ഛനമ്മമാർക്കൊപ്പം കേരളത്തിലെത്തി, ഇവിടുത്തെ സ്‌കൂൾമുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവയ്ക്കാൻ ഒരുങ്ങുന്ന സഹോദരങ്ങളുടെ വീട്ടിൽ ഇപ്പോൾ പ്രവേശനോത്സവത്തിന്റെ ആവേശം.


വിറകുപുരകോട്ട ഗവ. എൽപി സ്കൂൾ പ്രവേശനം നേടിയ ഇരുവരും തിങ്കളാഴ്ച സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. തമിഴ്‌നാട്‌, ബീഹാർ, ഒഡിഷ, ജാർഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 കുട്ടികളാണ് ഈ അധ്യയനവർഷം വിറകുപുരകോട്ട സ്‌കൂളിൽ പ്രവേശനം നേടിയത്‌. ​ ഉപജീവനത്തിനായി തലസ്ഥാനത്തെത്തിയ തൊഴിലാളികളുടെ മക്കൾ. ഇപ്പോൾ സ്‌കൂളിലെ അതിഥിവിദ്യാർഥികളുടെ എണ്ണം 40 ആയി.

"യേ മേരാ ബാഗ് ഹേ, യേ കിതാബേം... മേശപ്പുറത്തിരിക്കുന്ന പുത്തൻ പുസ്തകങ്ങളുടെ ചിത്രങ്ങളിലൂടെ വിരലോടിച്ച് ആവേശത്തോടെ സംസാരിക്കുകയാണ് ഇരുവരും. വർണചിത്രങ്ങളുള്ള പുതിയ മലയാളം പാഠപുസ്തകങ്ങൾ ഓരോന്നായി മറിച്ചുനോക്കുന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന വിനോദം. നമസ്കാരം എന്ന് കൈകൂപ്പി മലയാളത്തിൽ പറഞ്ഞ് ഇരുവരും പെട്ടെന്ന് ഹിന്ദിയിലേക്ക് മാറും. "മലയാളം കുറച്ചേ അറിയൂ, പക്ഷേ സ്കൂളിൽ പോയി എല്ലാം പഠിക്കും. ഒന്നാം ക്ലാസുകാരൻ കണ്ണുകൾ തിളക്കി പറഞ്ഞു.


കുട്ടികൾ സ്കൂളിലേക്ക് വരാൻ ബാഗും കുടയും റെഡിയാക്കുമ്പോൾ, മറുഭാഗത്ത് അധ്യാപകർ തങ്ങളുടെ "ഭാഷാജ്ഞാനം' പുതുക്കുന്ന തിരക്കിലാണ്. ആദ്യദിവസങ്ങളിൽ കുട്ടികൾക്ക് അപരിചിതത്വം തോന്നാതിരിക്കാൻ ഹിന്ദിയിലെയും ബംഗാളിയിലെയും ഒഡിയയിലെയും പ്രധാന "കുശലാന്വേഷണ വാക്കുകൾ കാണാതെ പഠിക്കുകയാണ് അധ്യാപകർ. ക്ലാസ് മുറിയിലെ ചാർട്ടുകളിൽ മലയാളത്തിനൊപ്പം ഉത്തരേന്ത്യൻ ഭാഷകളിലെ അക്ഷരങ്ങളും ഉൾപ്പെടുത്തും. ഭാഷ അറിയില്ലെങ്കിലും പുതിയ കൂട്ടുകാരെ കാണാനും തങ്ങളുടെ നാട്ടിലെ പാട്ടുകളും വിശേഷങ്ങളും ആംഗ്യഭാഷയിലെങ്കിലും പങ്കുവയ്ക്കാനും അവർ ഇപ്പോഴേ പ്ലാനിട്ടുകഴിഞ്ഞു. തങ്ങളുടെ മക്കൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാനും വലിയൊരു സ്കൂളിന്റെ ഭാഗമാകാനും കഴിയുന്നതിന്റെ സന്തോഷത്തിലാണ് അച്ഛനമ്മമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home