print edition ഗൂഡല്ലൂരും പന്തല്ലൂരും പരിസ്ഥിതി മന്ത്രാലയത്തിന്റെ കുരുക്ക്; പട്ടയം ലഭിക്കാത്തത് 60% കർഷക കുടുംബങ്ങൾക്ക്

വി കെ ഷാനവാസ്
Published on Sep 06, 2026, 01:30 AM | 1 min read
എടക്കര: പരിസ്ഥിതി മന്ത്രാലയത്തിന്റെ കുരുക്കിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ പട്ടയം ലഭിക്കാത്തത് 60 ശതമാനം കർഷക കുടുംബങ്ങൾക്ക്. വന സംരക്ഷണത്തിന്റെ പേരിൽ മനുഷ്യരേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകിയതോടെ കേരള– തമിഴ്നാട് അതിർത്തിയിൽ നിരവധി കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ദുരിതംപേറി കഴിയുന്നത്. കേന്ദ്ര സർക്കാർ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇറക്കിയ കരട് വിജ്ഞാപനത്തിൽ ഈ ആശങ്കയാണ് കേരളത്തിലും പടരുന്നത്. കൈവശ ഭൂമിക്ക് രേഖ നൽകാതെ ദ്രോഹിച്ച് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ സ്ഥലം ഉപേക്ഷിച്ച് പോയവർ നിരവധിയാണ്.
പതിറ്റാണ്ടുകളായി ഇവർ സമര രംഗത്താണ്. 100 കിലോമീറ്റർ മനുഷ്യച്ചങ്ങല സൃഷ്ടിച്ചും ഗൂഡല്ലൂർ ടൗൺ ഉപരോധിച്ചും ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം 48 മണിക്കൂർ ബന്ദ് നടത്തിയും ഇവർ പ്രതിഷേധിച്ചു. നീലഗിരി ജില്ലയിൽ പട്ടയം കൊടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. പലരും കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് നാടുവിട്ടു. 1960മുതൽ കൈവശംവച്ചും കൃഷിചെയ്തും ജീവിക്കുന്ന കർഷകരെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ദ്രോഹിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽപ്പെടുത്തി കൈവശ ഭൂമിക്ക് കടുത്ത നിയന്ത്രണംകൊണ്ടുവന്ന് സ്വയം കുടിയൊഴിഞ്ഞ് പോകുന്ന സ്ഥിതിയിലേക്കാണ് അധികൃതരുടെ നീക്കം. ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിൽ ജനം വീടൊഴിഞ്ഞ് പോയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് പരിശോധിച്ചപ്പോൾ 7000 വോട്ടർമാരുടെ കുറവാണ് ഓവാലി പഞ്ചായത്തിൽമാത്രമുണ്ടായത്.









0 comments