ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട്: വിജ്ഞാപനം പുറപ്പെടുവിപ്പിക്കും - മന്ത്രിസഭാ തീരുമാനങ്ങൾ

cabinet
വെബ് ഡെസ്ക്

Published on Jul 02, 2025, 01:12 PM | 2 min read

തിരുവനന്തപുരം: ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഗ്യാരന്റി നിൽക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫർ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം 5 വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ 5 ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.


2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ റിസർവ്‌ ബാങ്ക് ശിപാർശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ 1 ന് നടത്തിയില്ലെങ്കിൽ തത്തുല്യമായ തുക അല്ലെങ്കിൽ ജിഎസ്ഡിപിയുടെ 0.25 ശതമാനം ഇതിൽ ഏതാണോ കുറവ് എന്നത് 2025-26 ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ നിന്നും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജിആർഎഫ് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജിആർഎഫിൽ നിക്ഷേപം നടത്താൻ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.


പെൻഷൻ പരിഷ്‌ക്കരണം


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്‌ക്കരിക്കും. സർക്കാർ ജീവനക്കാർക്ക് അനുവദിച്ച തീയതി മുതൽ പെൻഷൻ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വരും.


തസ്തിക


● തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പിജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.ആയുർവേദ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിൽ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരുടെ 7 അധിക തസ്തികകൾ സൃഷ്ടിക്കും.


● എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 2 സൂപ്പർ ന്യൂമറി തസ്തിക വ്യവസ്ഥകളോടെ സൃഷ്ടിക്കും. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക പുനഃസ്ഥാപിക്കും.


● സായുധ പൊലീസ് ബറ്റാലിയനിൽ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് പരിശീലനം നൽകുന്നതിന് 413 താൽക്കാലിക പരിശീലന തസ്തികകൾക്കും 200 ക്യാമ്പ് ഫോളോവർ തസ്തികകൾക്കും തുടർച്ചാനുമതി നൽകി. 04.03.2024 മുതൽ 2026 മെയ് 31 വരെയാണ് തുടർച്ചാനുമതി.


കൊല്ലം വെടിക്കുന്ന് ഭാഗത്ത് തീരസംരക്ഷണത്തിനായുള്ള പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. 9.8 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home