print edition സർക്കാർ എൻജി. കോളേജ് പ്രിൻസിപ്പൽ നിയമനം; തെരഞ്ഞെടുപ്പ് സമിതിയിൽ സ്വകാര്യ സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരെ നിയോഗിച്ച് സർക്കാർ

പി ആർ ചന്തു കിരൺ
Published on Aug 19, 2026, 01:00 AM | 1 min read
തിരുവനന്തപുരം : സർക്കാർ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് സമിതിയിൽ രണ്ട് സ്വകാര്യ സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരെ ഉൾപ്പെടുത്തി സർക്കാർ. പ്രൊഫ. കെ കൃഷ്‌ണ കുമാർ (പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിങ് കോളേജ്), പ്രൊഫ. ലില്ലിക്കുട്ടി ജേക്കബ് (കോട്ടയം അമൽജ്യോതി എൻജിനിയറിങ് കോളേജ്) എന്നിവരാണ് സമിതി അംഗങ്ങൾ. സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ സിസ തോമസിന്റെ ശുപാർശ പ്രകാരമാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. എഐസിടിഇ മാനദണ്ഡപ്രകാരമെന്ന് വിശേഷിപ്പിച്ചാണ് നടപടി. ഐഐടി, എൻഐടി, ഐഐഎസ്‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരെയോ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച അധ്യാപകരെയോ ഉൾപ്പെടുത്തിയിരുന്ന കീഴ്‌വഴക്കമാണ് അട്ടിമറിച്ചത്.
എട്ടംഗ സമിതിയിൽ അഞ്ച് അംഗങ്ങളും കെടിയുവിന്റെ ശുപാർശയിലാണുള്ളത്. ഫലത്തിൽ പ്രിൻസിപ്പൽ നിയമനത്തിൽ സംസ്ഥാന സർക്കാരിനെക്കാൾ പ്രാമുഖ്യം കെടിയു വിസിക്ക് കൈവരും. മോദി സർക്കാരിന്റെ ഇംഗിതങ്ങൾ നടപ്പാക്കുന്ന ഗവർണർമാർ തീരുമാനിക്കുന്ന വിസിമാരാകും പ്രിൻസിപ്പൽ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് സമിതിയിലേക്ക് അഞ്ചുപേരെ നിർദേശിക്കുക. ഇതോടെ സംഘപരിവാർ തൽപ്പരരെ സർക്കാർ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽമാരായി തെരഞ്ഞുപിടിച്ച് നിയമിക്കുന്ന സ്ഥിതിയുണ്ടാകും. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തുടങ്ങിയ നിയമനങ്ങളിലും ഭാവയിൽ ഇൗ നീക്കമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർ പി ജയപ്രകാശ്, എസ്‌പിഎഫ്‌യു ഡയറക്‌ടർ ജെ എസ് സേവ്യർ, തൃശൂർ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഇ എ ജാസ്‌മിൻ, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കാര്യവട്ടം പ്രിൻസിപ്പൽ എൻ വിജയകുമാർ, സിഇടി അധ്യാപിക ജി ശ്രീലത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.










0 comments