print edition ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ആരുടെയും സഹായമില്ല; കുറ്റപത്രം ഉടൻ

ഗോവിന്ദച്ചാമി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിക്ക് അകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചതായി തെളിവില്ല. ജയിൽചാട്ടം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. ജയിലഴി മുറിച്ച ആയുധത്തിന്റെ സാങ്കേതിക കാര്യങ്ങൾകൂടി ഉൾപ്പെടുത്തി അഞ്ഞൂറിലധികം പേജുള്ള റിപ്പോർട്ട് എസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
ഗോവിന്ദച്ചാമി 2025 ജൂലൈ 25ന് പുലർച്ചെയാണ് ജയിൽ ചാടിയത്. ഒരു കൈയില്ലെങ്കിലും തെങ്ങിലടക്കം എളുപ്പം കയറാനാകുന്ന കായികബലം ഇയാൾക്കുണ്ടെന്നും അതിനുള്ള കഴിവ് പ്രകടിപ്പിച്ചിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ജയിൽ ചാടാൻ നാലുമാസംമുന്പേ പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഉണക്കാനിട്ട മുണ്ടുകൾ രഹസ്യമായി സംഘടിപ്പിച്ച് സൂക്ഷിച്ചുവച്ചാണ് ചാടാൻ ഉപയോഗിച്ചത്. മുണ്ടുകൾ കൂട്ടികെട്ടി കയർപോലെയാക്കി മതിലിന് പുറത്തേക്കിട്ട് കൈയ്‌ക്കൊപ്പം വായിൽ കടിച്ചുപിടിച്ചുമാണ് ചാടിയത്. 150 പേരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷകസംഘം ജയിലിലും പുറത്തുമുള്ള സിസിടിവികളും പരിശോധിച്ചു.
ഇയാളുടെ തയ്യാറെടുപ്പുകൾ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാത്തത് വീഴ്‌ചയാണെന്ന് കുറ്റപത്രത്തിലുണ്ട്. ജയിലിലെ 10 ബി ബ്ലോക്കിലെ സെൽ അഴി മുറിച്ച് പുറത്തിറങ്ങൻ ഇയാൾ ബോധപൂർവം മെലിയുകയായിരുന്നു. നാലു മാസംമുന്പേ രാത്രി, പൂച്ച കടക്കാതിരിക്കാൻ വിരിച്ച തുണിയുടെ മറവിലിരുന്ന് സെല്ലിലെ കന്പികൾ അരംപോലുള്ള സാധനം ഉപയോഗിച്ചാണ് മുറിച്ചത്.
വിയ്യൂരിലെ അതീവസുരക്ഷാ ജയിലിൽ
2011 ഫെബ്രുവരി ഒന്നിന് സൗമ്യയെന്ന പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലത്സംഗം ചെയ്ത് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ഇപ്പോൾ തൃശൂർ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ്. സെല്ലിനുള്ളിലും പുറത്ത് പല ഭാഗങ്ങളിൽനിന്ന് സെല്ലിലേക്കും സിസിടിവി നിരീക്ഷണമുണ്ട്.










0 comments