ലോക്കറ്റ്​ ഉണ്ടാക്കി ചങ്ങാത്തം ; പദ്ധതിയിട്ടത്‌ തമിഴ്‌നാട്ടിലേക്ക്‌ മുങ്ങാൻ

Govindachami prison escape
വെബ് ഡെസ്ക്

Published on Jul 27, 2025, 01:33 AM | 2 min read


കണ്ണൂർ

‘ഞാൻ പുറത്തിറങ്ങിയാൽ ഇവിടെ വലിയ പ്രശ്ന​മാകും. തമിഴ്​നാട്ടിലെത്തിയാൽ എന്നെ നിങ്ങൾക്ക്​ പിടിക്കാനാകില്ല’’– ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആദ്യം ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പിന്നീട്​ മയപ്പെട്ടു. ആസൂത്രണവും ജയിൽചാടാനുള്ള കാരണവും പിന്നീട്‌ വെളിപ്പെടുത്തി.


കണ്ണൂർ റെയിൽവേ സ്​റ്റേഷനിലെത്തി മംഗളൂരുവിലേക്കോ കോയമ്പത്തൂരിലേക്കോ ട്രെയിനിൽകയറി രക്ഷപ്പെടാനായിരുന്നു തീരുമാനം. ആദ്യംവരുന്ന ട്രെയിനിൽ കയറാൻ ലക്ഷ്യമിട്ടാണ്​ സ്​റ്റേഷനിലേക്ക്​ നടന്നത്. അവിടെനിന്ന്​ തമിഴ്​നാട്ടിലേക്ക്​ കടക്കണം.


ഇരുട്ടുപറ്റി റെയിൽവേ സ്​റ്റേഷനിലേക്ക്​ നടക്കാനായിരുന്നു പ്ലാൻ. പത്താം ബ്ലോക്കിൽനിന്ന്​ സെല്ലിന്റെ കമ്പി മുറിച്ച്​ പുറത്തുകടന്ന്​ മതിൽ ചാടിയപ്പോൾ ക്വാറന്റൈൻ ബ്ലോക്കിലാണ്​ എത്തിയത്​. പുലർച്ചെ ഒന്നേകാലിന്​ ഇറങ്ങിയെങ്കിലും ക്വാറന്റൈൻ ബ്ലോക്കിൽനിന്ന്​ പുറത്തുകടക്കാനും വലിയ മതിലിൽ കയറാനുള്ള വാട്ടർടാങ്കും മറ്റും എടുത്തുവയ്​ക്കാനും സമയമെടുത്തു. പുറത്തെത്തിയശേഷം മതിലിനരികിലൂടെ റോഡിലെത്തി​ സ്​റ്റേഷനിലേക്ക്​ നടന്നു​. ദേശീയപാത ഒഴിവാക്കി ജയിലിന്​ എതിർവശത്തെ റോഡിലേക്ക്​ കയറി. വഴിതെറ്റിയാണ്​ തളാപ്പിലെത്തിയത്​. വഴിയാത്രക്കാർക്ക്‌ സംശയം തോന്നി വിവരമറിയിച്ചതോടെയാണ്​ പിടിയിലായത്​. മൂന്നു വർഷംമുമ്പും ജയിൽചാടാൻ ഗോവിന്ദച്ചാമി ശ്രമിച്ചിരുന്നു. രണ്ടാം ബ്ലോക്കിലായിരുന്നു അന്ന്​. സെല്ലിന്റെ മരയഴി തീയിട്ട്​ നശിപ്പിച്ചാണ്​ പുറത്തുകടക്കാൻ നോക്കിയത്​. ഇതോടെയാണ്​ കൂടുതൽ സുരക്ഷയുള്ള പത്താം ബ്ലോക്കിലേക്ക്​ മാറ്റിയത്​.


മെലിയാൻ ഗുളിക 
വേണമെന്ന്​ ഡോക്ടറോട്​

ശരീരം മെലിയാൻ എന്തുചെയ്യണമെന്ന്​ ജയിൽ ഡോക്ടറോട്​ ചോദിച്ചിരുന്നു ഗോവിന്ദച്ചാമി. ഭക്ഷണം കുറച്ചാൽ മതിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഗുളിക കഴിച്ചാൽ കുറയില്ലേയെന്നായി അടുത്ത ചോദ്യം. ഡോക്ടർ ആദ്യത്തെ മറുപടി ആവർത്തിച്ചതോടെ പിന്നെ ചോദ്യമുണ്ടായില്ല. ഇതനുസരിച്ച്​ മൂന്നു മാസമായി ഗോവിന്ദച്ചാമി രാത്രി ഭക്ഷണം കഴിക്കാറില്ല. കൂടുതൽ ദിവസങ്ങളിലും ചപ്പാത്തി മാത്രമാക്കി. ഇടയ്​ക്ക്​ ജയിൽ ജീവനക്കാരോടുള്ള ദേഷ്യത്തിന്,​ ഭക്ഷണം ഒഴിവാക്കുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. സഹതടവുകാരനോട്​ കൂടെപ്പോരുന്നോയെന്ന്​ ചോദിച്ചു. ശിക്ഷ കഴിയാൻ ഇനി കുറച്ചുകാലമേയുള്ളൂവെന്നും വരുന്നില്ലെന്നുമായിരുന്നു സഹതടവുകാരന്റെ മറുപടി.


ലോക്കറ്റ്​ ഉണ്ടാക്കി ചങ്ങാത്തം

ചിരട്ടകൊണ്ട്​ ലോക്കറ്റ്​ ഉണ്ടാക്കാനാണ്​ വർക്ക്​ഷോപ്പിലെ വിശ്വനാഥനിൽനിന്ന്​ ഗോവിന്ദച്ചാമി അരം സംഘടിപ്പിച്ചത്​. അരം ഉപയോഗിച്ച്​ ജയിലിലെ സഹതടവുകാർക്ക്​ ഇയാൾ ചിരട്ടകൊണ്ട്​ ലോക്കറ്റ്​ ഉണ്ടാക്കി നൽകി. അരം മറ്റുള്ളവർ കാണുമ്പേോൾ സംശയം തോന്നാതിരിക്കാനായിരുന്നു ഇത്​. അരം ഉപയോഗിച്ചാണ്​ പ്ലംബിങ്ങിനുപയോഗിക്കുന്ന ലോഹത്തകിടിന്​ മൂർച്ചയുണ്ടാക്കിയത്​. ഇ‍ൗ തകിടുപയോഗിച്ചാണ്​ കമ്പി മുറിച്ചത്​. കമ്പി മുറിക്കുന്നതിനുമുമ്പ്​ പ്ലേറ്റ്​ നിലത്തിടും. വാർഡൻമാർ ശ്രദ്ധിക്കുന്നുണ്ടോയെന്ന്​ നോക്കാനായിരുന്നു ഇത്​. ഇ‍ൗ സമയത്തും മഴയുള്ളപ്പോഴുമായിരുന്നു കമ്പി മുറിച്ചത്.


ഉണക്കാനിട്ട തുണികൾ ജയിൽ വരാന്തയിൽനിന്ന്​ സംഘടിപ്പിച്ചാണ്​ മതിലിൽനിന്ന്​ ഇറങ്ങാനുള്ള ‘കയർ’ ഉണ്ടാക്കിയത്​. തടവുകാർക്ക്​ രാത്രി സെല്ലിൽ ഉപയോഗിക്കാൻ നൽകുന്ന വസ്​ത്രങ്ങളാണ്​ പുറത്തിറങ്ങിയശേഷം ഗോവിന്ദച്ചാമി ധരിച്ചത്​. തടവുകാർത്തന്നെയാണ്​ ജയിലിൽ അന്തേവാസികളുടെ മുടി മുറിക്കുന്നതും താടി വടിക്കുന്നതും. രണ്ടര സെന്റീമീറ്റർവരെ താടിവയ്​ക്കാനും ജയിൽനിയമം അനുമതി നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home