ജയിലുകളിൽ സുരക്ഷ വർധിപ്പിക്കാൻ നടപടി , പുതിയ സെൻട്രൽ ജയിൽ 
ആരംഭിക്കും , ജീവനക്കാരെ 5 വർഷത്തിലൊരിക്കൽ ജയിൽ മാറ്റും

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ; പ്രത്യേകസംഘം അന്വേഷിക്കും

Govindachami prison escape
വെബ് ഡെസ്ക്

Published on Jul 27, 2025, 02:02 AM | 2 min read


തിരുവനന്തപുരം

തടവുകാരൻ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന്‌ പ്രത്യേകസംഘം. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ്‌ തീരുമാനം. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും നടക്കുന്നുണ്ട്. ഇതിനുപുറമെയാണ് പ്രത്യേകമായ സമഗ്രാന്വേഷണം. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.


കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായത് അത്യന്തം ഗൗരവമേറിയതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മാസത്തിനകം സംസ്ഥാനത്തെ നാലു പ്രധാന ജയിലിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. സൂക്ഷ്‌മതലത്തിൽ ദൃശ്യം പകർത്താൻ കഴിയുന്ന ഇന്റലിജന്റ്‌ സിസിടിവി നാല് പ്രധാന ജയിലിലും സ്ഥാപിക്കാൻ അടിയന്തരനടപടിയുണ്ടാകും.


ജീവനക്കാർ തുടർച്ചയായി ഒരേസ്ഥലത്ത് തുടരുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.


ജയിലിനകത്ത് രഹസ്യാന്വേഷണം ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർസംസ്ഥാന ജയിൽമാറ്റംകൂടി ആലോചിക്കും. ജയിലുകളിൽ നിലവിലുള്ള വീഡിയോ കോൺഫറൻസിങ്‌ സംവിധാനം ശക്തിപ്പെടുത്തും. ജയിലിൽ തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കും. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിലുള്ള സാഹചര്യത്തിൽ പുതിയ സെൻട്രൽ ജയിൽ ആരംഭിക്കും.


ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താനും തീരുമാനമായി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവർ പങ്കെടുത്തു.


ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ വേഗത്തിലാക്കി​ ശനി രാവിലെ ഏഴോടെ സായുധ പൊലീസിന്റെ അകമ്പടിയോടെയാണ്‌ വിയ്യൂരിലേക്ക് കൊണ്ടുപോയത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണിത്‌.


ഗോവിന്ദച്ചാമി ജയിൽ ചാടിയതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽനിന്നും ജയിൽ ജീവനക്കാരിൽനിന്നും മൊഴിയെടുത്തു. സുരക്ഷാചുമതലയിലുണ്ടായിരുന്ന, സസ്‌പെൻഷനിലായ മൂന്ന്‌ ജീവനക്കാരെ അടുത്തദിവസം ചോദ്യംചെയ്യും. സിറ്റി പൊലീസ്​ കമീഷണർ പി നിധിൻരാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെയും മേൽനോട്ടത്തിൽ കണ്ണൂർ ട‍ൗൺ ഇൻസ്​പെക്‌ടർ ശ്രീജിത്​ കൊടേരിയാണ്​ കേസ്‌ അന്വേഷിക്കുന്നത്​. ജയിൽചാടിയതിനുള്ള വകുപ്പുകൾക്കുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള വകുപ്പുകൾകൂടി ചുമത്തിയിട്ടുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Home