ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ; ഒന്നരമണിക്കൂർ നടന്നെങ്കിലും എത്തിയത് ജയിൽ പരിസരത്തുതന്നെ

കണ്ണൂർ
ജയിൽചാടി തമിഴ്നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ട ഗോവിന്ദച്ചാമി ഒന്നരമണിക്കൂർ നടന്നെങ്കിലും എത്തിയത് ജയിൽ പരിസരത്തുതന്നെ. സെൻട്രൽ ജയിലിനും പുതിയതെരുവിനും ഇടയിലെ പള്ളിക്കുളത്തെത്തിയ ഗോവിന്ദച്ചാമി വീണ്ടും കണ്ണൂരിലേക്ക് നടന്നതും ജയിലിനു മുന്നിലൂടെ.
വെള്ളി പുലർച്ചെ 4.15നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇരുപതടി ഉയരമുള്ള മതിൽ ചാടി കടന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി മംഗളൂരുവിലേക്കോ കോയമ്പത്തൂരിലേക്കോ കടക്കുകയായിരുന്നു ലക്ഷ്യം. റെയിൽവേ ട്രാക്കിലെങ്കിലും എത്തിയാൽ രക്ഷപ്പെടാനാകുമെന്നും ഇയാൾ കരുതിയിരുന്നു. ട്രെയിനിൽ ചാടിക്കയറാനാകുമെന്നതും ആത്മവിശ്വാസം കൂട്ടി. പുലർച്ചെ ഒന്നേകാലോടെ സെല്ലിൽനിന്ന് പുറത്തുകടന്ന ഗോവിന്ദച്ചാമി മൂന്നു മണിക്കൂറോളം ജയിലിനുള്ളിൽതന്നെ കുടുങ്ങി. ആദ്യം ചാടിയത് ക്വാറന്റൈൻ ബ്ലോക്കിലേക്കായിരുന്നു. രണ്ടാമതാണ് പുറത്തെത്താനായത്. തടവുകാരുടെ തോർത്തും മറ്റും കൂട്ടിക്കെട്ടിയാണ് ജയിലിനുള്ളിലെ ഭാഗത്ത് മതിലിൽ കയറാൻ ‘കയർ’ ഉണ്ടാക്കിയത്. പുറത്തെത്തിയത് പുതപ്പിൽ പിടിച്ചൂതൂങ്ങിയും.
പുറത്തെത്തിയ ഗോവിന്ദച്ചാമി ദേശീയപാത മുറിച്ചുകടന്ന് റോഡിലൂടെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിതെറ്റിയെത്തിയത് ജയിലിൽനിന്ന് ഒരു കിലോമീറ്റർ അകലെ പള്ളിക്കുളത്ത്. ദിശമാറി റെയിൽവേ സ്റ്റേഷന്റെ നേരെ എതിർഭാഗത്തേക്കായിരുന്നു ഇത്. പള്ളിക്കുളത്തുനിന്ന് ഇയാൾ വീണ്ടും ജയിലിന്റെ ഭാഗത്തേക്ക് ദേശീയപാതയിലൂടെ നടന്നു. പുലർച്ചെ 5.55ന് പള്ളിക്കുളത്തെ സ്ഥാപനത്തിലെ സിസിടിവിയിൽ ഇയാൾ കണ്ണൂർ ഭാഗത്തേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജയിൽ ചാടി ഒന്നരമണിക്കൂറിനുശേഷമാണിത്. മനസിലാകാതിരിക്കാൻ കൈ തലയിലെ സഞ്ചിയിൽ ഒളിപ്പിച്ചുവച്ചാണ് ഇൗ ദൃശ്യങ്ങളിലുമുള്ളത്. ഇതുകഴിഞ്ഞ് ഗവ. വനിതാ കോളേജിന്റെ എതിർവശത്തുള്ള പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്റെ റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജയിൽ ജീവനക്കാരെ ചോദ്യംചെയ്തു
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷകസംഘം ജയിൽ ജീവനക്കാരെ ചോദ്യംചെയ്തു. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് ചോദ്യംചെയ്തത്. വെള്ളി പുലർച്ചെ 4.15ന് ജയിൽചാടിയ ഗോവിന്ദച്ചാമിയെ ആറരമണിക്കൂറിനുള്ളിൽ പിടികൂടിയിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെയും മേൽനോട്ടത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. അന്വേഷകസംഘം
കഴിഞ്ഞദിവസം സെൻട്രൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യംചെയ്തിരുന്നു. പത്താം ബ്ലോക്കിലുള്ള ജയിൽ അന്തേവാസികളെയും തിങ്കളാഴ്ച ചോദ്യംചെയ്തു. ജയിലിനകത്തെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച് തെളിവുകളും ശേഖരിച്ചു.









0 comments