ആശങ്ക...ആശ്വാസം
ചാട്ടം, ഓട്ടം, കിണറ്റിൽ

വെള്ളി പുലർച്ചെ ഒന്ന്:
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ സെൽ മുറിച്ച് പുറത്തിറങ്ങുന്നു.
പുലർച്ചെ 4-.15: പത്താം ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് വലിയ മതിലിനടുത്തേക്ക് നടക്കുന്നത് സിസിടിവിയിൽ പതിയുന്നു.
പുലർച്ചെ 4.15 –-4.30: രണ്ട് പ്ലാസ്റ്റിക വാട്ടർ ടാങ്കും അതിന് മുകളിൽ കസേരയും പാത്രവും വച്ച് 20 അടി ഉയരമുള്ള ജയിലിന്റെ മതിലിൽ കയറുന്നു. മറുഭാഗത്തേക്ക് കയറിൽ പുതപ്പ് കെട്ടി താഴേക്ക് ഇറങ്ങുന്നു. അപ്പോൾ വേഷം കറുത്ത പാന്റും കറുത്ത ഷർട്ടും.
പുലർച്ചെ 6.30: ജയിലിന് പുറത്തെത്തി ദേശീയപാത മറികടന്ന് കാനത്തൂർ മഹാവിഷ്‌ണു ക്ഷേത്രത്തിന്റെ റോഡിലേക്ക് നടക്കുന്നു. റെയിൽവേ സ്‌റ്റേഷനായിരുന്നു ലക്ഷ്യം. ചാക്കുകെട്ട് തലയിൽവച്ച്, മുറിഞ്ഞ കൈ അതിലേക്ക് കടത്തിവച്ച് മറച്ചുപിടിക്കുന്നു. ഇതിനിടയിൽ വെള്ള ഷർട്ട് ധരിക്കുന്നു.
രാവിലെ 9. 15: നടന്ന് വഴിതെറ്റി തളാപ്പിലെത്തുന്നു. തളാപ്പിൽ ഒരാൾ ഗോവിന്ദച്ചാമിയെ തിരിച്ചറിയുന്നു. തുടർന്ന്, മറ്റൊരാളെ കൂട്ടി ബൈക്കിൽ ഗോവിന്ദച്ചാമിയുടെ പുറകേ പോകുന്നു. ഇവിടെയുണ്ടായ ഓട്ടോഡ്രൈവർ ‘എടാ, ഗോവിന്ദച്ചാമി’ എന്ന് ഉറക്കെ വിളിക്കുന്നു. ഗോവിന്ദച്ചാമി മതിൽച്ചാടി ഓടിപ്പോകുന്നു.
രാവിലെ 9.- 30: പൊലീസ് സ്ഥലത്തെത്തുന്നു. കാടുമൂടിയ പറമ്പിൽ തെരച്ചിൽ. ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലും പരിശോധന. സംഭവസ്ഥലത്ത് നാട്ടുകാരും തെരച്ചിലിൽ. ഈ സമയം ഗോവിന്ദച്ചാമി അവിടെ നിന്ന് ഓടുന്നു.
രാവിലെ 10: തളാപ്പിനടുത്തുള്ള, വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ മതിൽചാടി ഉള്ളിൽ കടക്കുന്നു. നിറയെ കാടുപിടിച്ച കെട്ടിടമായതിനാൽ പെട്ടെന്ന് ഇയാളെ കാണാതാകുന്നു. ഒളിച്ചിരുന്ന കാടുമൂടിയ സ്ഥലം പൊലിസും ജനങ്ങളും വളഞ്ഞതോടെ മതിൽ ചാടിക്കടന്ന് സമീപത്തെ കെട്ടിടത്തിന്റെ കിണറ്റിൽ ചാടുന്നു.
രാവിലെ 10-. 40
തളാപ്പ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കിണറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നു. കിണറ്റിലെ കയറിൽ തൂങ്ങിനിൽക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിക്കുന്നു.
രാവിലെ 10.45:
പൊലീസ് വാഹനത്തിൽ റെയിൽവേ സ്‌റ്റേഷനടുത്തുള്ള പൊലീസ് ട്രെയിനിങ് സെന്ററിൽ എത്തിക്കുന്നു. ചോദ്യംചെയ്യൽ.
പകൽ 11.30:
മെഡിക്കൽ പരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക്. തുടർന്ന്, തെളിവെടുപ്പിനായി സെൻട്രൽ ജയിലിലേക്ക്.
ഭീതിനിറഞ്ഞ മണിക്കൂർ; അതിവേഗം പൊലീസ് ഇടപെടൽ
ഗോവിന്ദച്ചാമിയെന്ന കൊടുംക്രമിനൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയെന്ന വാർത്തകേട്ടാണ് വെള്ളിയാഴ്ച നാടുണർന്നത്. ഇയാൾ കണ്ണൂർ നഗരംവിട്ട് പുറത്തുപോയിട്ടില്ലെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നഗരവും പരിസരവും ഭീതിയിലായി. സ്ത്രീകളും വിദ്യാർഥികളും പേടിയോടെയാണ് റോഡിലൂടെ നടന്നുനീങ്ങിയത്.
ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതകൾ വാർത്തകളിലൂടെ കേട്ടറിഞ്ഞതിന്റെ ഓർമ ഉള്ളിൽ ഭയംനിറച്ചു. ജയിൽചാട്ടത്തിന്റെ വാർത്തയറിഞ്ഞതുമുതൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമടക്കം ജാഗ്രതയിലായിരുന്നു.
നഗരത്തിലെ വീടുകളിലുള്ളവർ വീടിനുപുറത്തും പരിസരങ്ങളിലും വ്യാപക തെരച്ചിൽ നടത്തി. സ്ത്രീകൾ വാതിലിടച്ച് അകത്തിരിപ്പായി. രാവിലെ ഒമ്പതോടെ തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമി നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചതോടെ പ്രദേശത്ത് പൊലീസെത്തി. പകൽ 10.40ന് തളാപ്പിൽ ഗോവിന്ദച്ചാമിയെ പിടികൂടിയതോടെയാണ് ആശങ്കയകന്നത്.
മാസങ്ങളായുള്ള ആസൂത്രണം
എങ്ങനെയും പുറത്തുകടക്കാനുള്ള ആസൂത്രണത്തിലായിരുന്നു മാസങ്ങളായി ഗോവിന്ദച്ചാമിയെന്ന് തെളിയിക്കുന്നതാണ് ജയിലിൽനിന്ന് പൊലീസിനു ലഭിച്ച തെളിവുകൾ. ജയിൽവളപ്പിൽനിന്ന് സംഘടിപ്പിച്ച രണ്ട് പ്ലാസ്‌റ്റിക് വാട്ടർ ടാങ്ക്, സ്‌റ്റൂൾപോലുള്ള മരപ്പെട്ടി, സ്‌റ്റീൽപാത്രം എന്നിവ അട്ടിവച്ചാണ് ഇരുപതടി ഉയരമുള്ള വലിയ മതിലിനുമുകളിൽ ഗോവിന്ദച്ചാമി കയറിയത്. പുതപ്പ് കൂട്ടിക്കെട്ടി താഴേക്കിറങ്ങി. മതിലിനുമുകളിൽ ഒന്നര മീറ്ററോളം ഉയരത്തിൽ ഇരുമ്പുകമ്പികൊണ്ടുള്ള ഫെൻസിങ്ങുണ്ട്. ഇതിൽ ഒരുവർഷമായി വൈദ്യൂതി കടത്തിവിട്ടിരുന്നില്ല.
പ്രത്യേക സുരക്ഷയുള്ള പത്താംബ്ലോക്കിൽ തടവിലായിരുന്ന ഗോവിന്ദച്ചാമി മാസങ്ങൾക്കുമുമ്പ് തടവുചാടാനുള്ള ഒരുക്കം തുടങ്ങിയെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. സെല്ലിന്റെ കമ്പി മുറിച്ചും മതിൽചാടുമ്പോൾ കയറുപോലെ ഉപയോഗിക്കാൻ തുണികൾ ശേഖരിച്ചും ശരീരഭാരം കുറയ്‌ക്കാൻ ചപ്പാത്തി മാത്രം കഴിച്ചും പലവിധത്തിലായിരുന്നു ആസൂത്രണം. ഹാക്സോ ബ്ലേഡുകൊണ്ട് സെല്ലിന്റെ കമ്പിയിൽ ആറിടത്ത് അറുത്തുവളച്ചു. ഇതിനുമാത്രം 20 ദിവസമെടുത്തതായി പൊലീസ് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. ജയിലിൽ പ്ലംബിങ് ജോലികൾക്കും മറ്റും വന്നവരിൽനിന്നായിരിക്കാം ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചതെന്നാണ് നിഗമനം.
മുറിക്കുമ്പോൾ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ മഴയുള്ള സമയം തിരഞ്ഞെടുത്തു. പിടിക്കപ്പെടാതിരിക്കാൻ പൂർണമായും മുറിച്ചില്ല. ഒരുഭാഗത്തെ കമ്പി മുക്കാൽഭാഗവും മുറിച്ചശേഷം വളച്ചുമാറ്റി പുറത്തിറങ്ങി. ശേഷം കമ്പി പൂർവസ്ഥിതിയിലാക്കി.
മതിലിൽനിന്ന് പുറത്തിറങ്ങാൻ ഉപയോഗിച്ച പുതപ്പിന്റെ തുണികൾ നേരത്തേ ശിക്ഷ കഴിഞ്ഞിറങ്ങിയ തടവുകാരിൽനിന്നാണ് ശേഖരിച്ചത്. ജയിൽ വളപ്പിൽ അലക്കി ഉണങ്ങാനിടുന്ന തുണികൾ മോഷ്ടിച്ചതാണോയെന്നും സംശയമുണ്ട്. ഇത് മതിലിൽനിന്ന് കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ സുരേഷാണ് ഗോവിന്ദച്ചാമിയുടെ സഹതടവുകാരൻ.
ഭക്ഷണം ചപ്പാത്തി മാത്രം; താടി നീട്ടിവളർത്തി
നേരത്തേ പ്രചരിച്ച ചിത്രങ്ങളിൽനിന്ന് വ്യത്യസ്‌തമായിരുന്നു ഗോവിന്ദച്ചാമിയുടെ മുഖം. താടി വളർത്തി തീർത്തും മെലിഞ്ഞ ഇയാളെ, പിടിയിലായശേഷം കണ്ടവരെല്ലാം ഞെട്ടി. ഇതും ഇയാളുടെ ആസൂത്രണമായിരുന്നു.
ജയിലിൽ തടവുകാരുടെ താടിയും മുടിയും മുറിക്കുന്നത് അന്തേവാസികളാണ്. ഇതിനായി ചുമതലപ്പെടുത്തിയ തടവുകാരുമായി ഇയാൾ എന്തെങ്കിലും ധാരണ ഉണ്ടാക്കിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടര സെന്റീ മീറ്റർവരെ താടി അനുവദിക്കാമെന്നാണ് ജയിൽ ചട്ടം. സിസിടിവി എവിടെയൊക്കെ എന്നതുസംബന്ധിച്ചും ഇയാൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. സിസിടിവി ഇല്ലാത്ത ഭാഗം തിരഞ്ഞെടുത്തതിനാൽ ചാടുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്.
‘ഞങ്ങൾക്ക് വിട്ടുതരൂ’ ; ജനരോഷം ഇരമ്പി
പിടിയിലായ ഗോവിന്ദച്ചാമിക്കെതിരെ വൻജനരോഷമാണ് കണ്ണൂരിൽ ഉയർന്നത്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണ് ഗോവിന്ദച്ചാമിയെന്നുപറഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ രംഗത്തെത്തി. കിണറ്റിൽനിന്ന് കരയ്‌ക്ക് കയറ്റുമ്പോൾത്തന്നെ നാട്ടുകാർ ഗോവിന്ദച്ചാമിയെ കൈയേറ്റംചെയ്യാൻ തുനിഞ്ഞു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയെ വാഹനത്തിൽ കയറ്റിയത്. ‘അയാളെ ഞങ്ങൾക്ക് വിട്ടുതരൂ’ എന്ന് നാട്ടുകാർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനുസമീപത്തെ പൊലീസ് ട്രെയിനിങ് സെന്ററിൽ ചോദ്യം ചെയ്യാൻ കൊണ്ടുവന്നതും വൻ പൊലീസ് വലയത്തിലാണ്. വൈദ്യപരിശോധനക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴും ജനരോഷമുയർന്നു. വിശദമായി ചോദ്യംചെയ്യാൻ കണ്ണൂർ അസി. കമീഷണർ ഓഫീസിലെത്തിച്ചപ്പോഴും രൂക്ഷ പ്രതികരണവുമായി ജനാവലി പിന്നാലെയെത്തി.
‘‘അവനെ വെറുതെ വിടരുത്’’
ഇനി അവനെ വെറുതെ വിടരുത്. തൂക്കുകയർ തന്നെ കിട്ടണം. ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൊർണൂർ കാരക്കാട് സ്വദേശിയായ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജയിൽ ചാടിയ പ്രതിയെ മണിക്കൂറുകൾക്കകം പിടിച്ച പൊലീസിന് നന്ദി. ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് ജയിലിൽനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തണം. സഹായിച്ചവരെ ഉടൻ ജനങ്ങൾക്കുമുന്നിൽ എത്തിക്കണം. ഇനിയും ജയിൽ ചാടിയാൽ ഇവിടെയുള്ള പെൺകുട്ടികളുടെ ജീവിതം അപകടത്തിലാകും. നിയമമനുസരിച്ച് എത്രയുംപെട്ടെന്ന് തൂക്കിക്കൊല്ലണം. ഇയാൾ പുറത്തിറങ്ങിയാൽ ജനങ്ങൾ തെരുവിൽ നേരിടുമെന്ന് വിളിച്ചറിയിച്ചതായും അവർ പറഞ്ഞു.









0 comments