print edition ക്യാമ്പസ് രാഷ്ട്രീയം വിലക്കാന്‍ തന്ത്രവുമായി ഗവര്‍ണര്‍

തിരുവനന്തപുരം
കലാലയങ്ങളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള നീക്കവുമായി ഗവര്‍ണര്‍. ഇതിന്റെ ആദ്യപടിയായി സര്‍വകലാശാലകളുടെ ക്രമസമാധാനപരിപാലന ചുമതലയ്ക്കായി കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തീരുമാനിച്ചു. കമ്മിറ്റിയുടെ ചെയര്‍മാനായി നിരന്തര വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധി നേടിയ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലിനെയും ചുമതലപ്പെടുത്തി. മുന്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍മുതല്‍ വിദ്യാര്‍ഥിരാഷ്ട്രീയ പ്രവര്‍ത്തനത്തെ വിലക്കാനുള്ള സംഘടിതനീക്കം നടത്തുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനം.
കൂടാതെ, സര്‍വകലാശാല ഹോസ്റ്റലുകളുടെ നിയന്ത്രണം വിസിമാര്‍ ഏറ്റെടുക്കണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നത് ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ നിർദേശം നൽകി. സർവകലാശാലയിലും അക്കാദമിക് ക്യാമ്പസുകളിലും അക്രമമാണെന്നും അത് തടയാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന നിയമങ്ങളിലൂടെ സാധിക്കുമെന്നുമാണ് ആര്‍ലേക്കറുടെ വാദം.
വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി വിഷയത്തെ കൂട്ടിക്കെട്ടിയാണ് ആര്‍ലേക്കര്‍ ഇത് അവതരിപ്പിച്ചത്. ഇതിനുപുറമെ സര്‍വകലാശാലകളിലെ പരിപാടികളില്‍ വന്ദേമാതരം ഉപയോഗിക്കണമെന്നും അനുബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു. രാജ്ഭവനില്‍ നടന്ന വിസിമാരുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശം ഗവര്‍ണര്‍ ഉയര്‍ത്തിയത്.








0 comments