തൊഴിലുറപ്പ് ഭേദഗതി കേരളത്തിന് തിരിച്ചടി
print edition കേന്ദ്ര നടപടി കേരളത്തെ ഞെരുക്കുന്നു : ഗവർണർ

തിരുവനന്തപുരം
ഭരണഘടനാ തത്വത്തെ ദുർബലമാക്കുന്ന യൂണിയൻ സർക്കാർ നടപടി കേരളത്തെ ഗുരുതര സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ജനുവരിമുതൽ മാർച്ചുവരെ 12,000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. ഇതിൽ പകുതി വെട്ടിക്കുറച്ചു. 2025 സെപ്‌തംബർവരെ കേന്ദ്രപദ്ധതികളിൽ ലഭിക്കാനുള്ള കുടിശ്ശിക 5650.44 കോടി രൂപയാണ്. ഇത് കടുത്ത സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്.
ജിഎസ്‌ടി നിരക്ക് പരിഷ്‌കരണംമൂലം ഇൗ സാമ്പത്തികവർഷം 8000 കോടിയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കടമെടുപ്പു പരിധിയിലെ നിയന്ത്രണവും ഐജിഎസ്‌ടി ക്രമീകരണവുംമൂലം ഇൗ വർഷം 17,000 കോടി നിഷേധിക്കപ്പെട്ടു. പതിനഞ്ചാം ധനകമീഷന്റെ ശുപാർശകളിൽനിന്നുള്ള വ്യതിയാനംമൂലം 4,250 കോടിയുടെ അധികനഷ്ടവും ഉണ്ടായി.
അധികാരങ്ങളുടെ അമിതമായ കേന്ദ്രീകരണത്തിലും സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള വിഷയത്തിൽ യൂണിയൻ സർക്കാർ ഇടപെടൽ വർധിക്കുന്നതിലും കേരളം ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമ്പത്തിക പ്രായസങ്ങൾ ധൂർത്ത് മൂലമാണെന്ന വാദത്തെ തന്റെ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. സിഎജി റിപ്പോർട്ട് പ്രകാരം 2023–24 കാലയളവിൽ കടമെടുപ്പിന്റെ 56.29 ശതമാനവും മൂലധനച്ചെലവുകൾക്കായാണ് വിനിയോഗിച്ചത്. വിപണിവായ്‌പകളുടെ വളർച്ചയിൽ കേരളം രാജ്യത്തെ സംസ്ഥാനങ്ങളിൽ പതിനെട്ടാം സ്ഥാനത്താണ്. കോവിഡ് കാലത്ത് കടം, ജിഎസ്‌ഡിപി അനുപാതം 38 ശതമാനമായിരുന്നത് 34 ആയി കുറഞ്ഞു. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 75 ശതമാനം സ്വന്തം വരുമാനവും സ്വന്തം നികുതി വരുമാനം 61 ശതമാനവുമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും ഗവർണർ പറഞ്ഞു.
തൊഴിലുറപ്പ് ഭേദഗതി കേരളത്തിന് തിരിച്ചടി
തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ ഭേദഗതികൾ കേരളത്തിന് തിരിച്ചടിയാണെന്ന് ഗവർണർ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണ്. അടുത്ത കാലത്ത് വരുത്തിയ ഭേദഗതിയിലൂടെ ഇൗ പദ്ധതി വിബിജി ആർഎഎം ജി എന്നാക്കി മാറ്റി. ഇതുവഴി യൂണിയൻ സർക്കാരിൽനിന്നുള്ള സഹായം നൂറു ശതമാനത്തിൽനിന്ന് 60 ശതമാനമായി കുറഞ്ഞത് തിരിച്ചടിയാണ്.
മുൻ പദ്ധതിയുടെ ആവശ്യാധിഷ്‌ഠിത സ്വഭാവവുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങളുണ്ട്. ഇൗ ആശങ്കകൾ സംസ്ഥാന സർക്കാർ യൂണിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംവിധാനം തുടർന്നും നിലനിൽക്കണം എന്നാണ് തന്റെ സർക്കാരിന്റെ നിലപാടെന്നും ഗവർണർ പറഞ്ഞു.










0 comments