സർവകലാശാലകളെ ഇനിയും കലുഷിതമാക്കരുത് : സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Jul 14, 2025, 11:00 PM | 2 min read

തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ്‌ ചാൻസലർമാരും നടത്തുന്നത്‌ ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളുമാണെന്ന്‌ ഹൈക്കൊടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ്‌ ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി പൂർണമായും നിയമവിരുദ്ധമാണെന്നാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുള്ളത്‌. സമാനമായ ഒട്ടേറെ വിധികൾ കാറ്റിൽ പറത്തിയാണ്‌ ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തിയത്‌ എന്നതും വസ്തുതയാണ്‌. താൽക്കാലിക വിസി നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന്‌ ഒരിക്കൽ കൂടി കോടതി പറഞ്ഞിരിക്കുന്നു.


ആർഎസ്‌എസിന്‌ സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ നടത്തുന്ന കയ്യേറ്റങ്ങൾ മാത്രമായേ ചാൻസലർ എന്ന അധികാരമുപയോഗിച്ച്‌ താൽകാലിക വൈസ്‌ ചാൻസലർമാരെ കയറൂരിവിട്ടുള്ള പ്രവർത്തനങ്ങളെ കാണാനാകൂ. ചട്ട വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും ഞങ്ങൾ നേരിടുമെന്ന്‌ പറയുന്നത്‌ അക്കാദമിക മേഖലയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ്‌. സംസ്ഥാന സർക്കാർ ഫണ്ട്‌ നൽകുന്ന സർവകലാശാലകളിൽ നിയമപരമായി തന്നെ അർപ്പിതമായ അധികാരം ഉപയോഗിക്കാനും അക്കാദമികമായ നവീകരണ പ്രവർത്തനങ്ങൾ നടത്താനും കഴിയണം. അത്‌ ഗവർണറും അദ്ദേഹം നിയോഗിച്ച താൽക്കാലിക വി സിമാരും ചേർന്ന്‌ തടയുന്നത്‌ മൂലമാണ്‌ സർവകലാശാലകളെ സംഘർഷത്തിലേക്ക്‌ തള്ളിവിടുന്നത്‌. സത്യാവസ്ഥ മനസിലാക്കി സർവകലാശാലകളുടെ പ്രവർത്തനം സമാധാനപൂർണമാക്കാൻ ചാൻസലറായ ഗവർണർ മുന്നോട്ടുവരണം.


മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്ന്‌ സർവകലാശാലകളും കോളേജുകളും ഉന്നതമായ സഥാനങ്ങളിലേക്ക്‌ എത്തുന്നുവെന്ന്‌ കേന്ദ്ര ഏജൻസികളുടെ റാങ്കിങ്‌ തന്നെ വ്യക്തമാക്കുന്നുണ്ട്‌. അത്‌ ഇനിയും മുന്നേറേണ്ടതുണ്ട്‌. നിരവധിയായ നവീന പരിഷ്കാരങ്ങളും കോഴ്‌സുകളും ആരംഭ ദശയിലാണ്‌. ഈ ഘട്ടത്തിൽ കോടതികളുടെ നിർദേശം കൂടി പരിഗണിച്ച്‌ നിയമവിധേയ പ്രവർത്തനങ്ങളിലേക്ക്‌ സർവകലാശാലകളെ എത്തിക്കാൻ ഗവർണർ തയാറാകണം.

കോടതി ഇപ്പോൾ പറഞ്ഞു വിട്ടവരടക്കം പല താൽകാലിക വി സിമാരും സർവകലാശാലകളുടേയോ കുട്ടികളുടേയോ ഭാവിയെ അല്ല, മറിച്ച്‌ ഗൂഢ താൽപര്യങ്ങളോടെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്ന്‌ ഇതിനകം തെളിഞ്ഞു കഴിഞ്ഞു. പലയിടത്തുനിന്നും ഫയലുകൾ കൂട്ടത്തോടെ എടുത്ത്‌ ദുരുപയോഗം ചെയ്യുകയും തെറ്റായ വാർത്തകൾ നൽകുകയും ചെയ്തു. അവരോടൊക്കെ ഏറ്റവും സമാധാനപൂർവമായ പ്രതിഷേധ സമരങ്ങളിലൂടെയാണ്‌ വിദ്യാർഥികളും യുവസമൂഹവും പ്രതികരിച്ചത്‌. അത്തരം അന്തരീക്ഷം തുടർന്നു പോകുന്നത്‌ അക്കാദമിക രംഗത്തെ സമാധാനത്തിന്‌ ഉതകുന്നതല്ല. അതുകൊണ്ട്‌, നിയമപരമായ പ്രവർത്തനങ്ങൾ മാത്രം നടത്താൻ ഗവർണറും വിസി മാരും തയാറാകണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home