ad
Deshabhimani

മറ്റു സർവകലാശാലകൾക്കും 
മാതൃകയാക്കാം: മന്ത്രി പി രാജീവ്‌

print edition സാങ്കേതിക, ഡിജിറ്റൽ വിസി നിയമനം ; സമവായം നീട്ടിയത്‌ ഗവർണറുടെ പിടിവാശി

Partition Horrors Day rajendra arlekar
വെബ് ഡെസ്ക്

Published on Dec 18, 2025, 12:31 AM | 2 min read


തിരുവനന്തപുരം

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്‌ ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട സമവായം നീണ്ടത്‌ ചാൻസലറായ ഗവർണറുടെ പിടിവാശി മൂലം. വിഷയം സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കാനിരിക്കെയാണ്‌ ഗവർണർ പിടിവാശി ഉപേക്ഷിച്ച്‌ സർക്കാരുമായി സമവായത്തിലെത്തിയത്‌. ഇതോടെ സർക്കാരും ചാൻസലറുമായി സമവായത്തിലെത്തണമെന്ന സുപ്രീംകോടതി നിർദേശം സാധ്യമായി. ഡിജിറ്റൽ സർവകാലശാലയിൽ ഡോ. സജി ഗോപിനാഥിനെയും സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെയും നിയമിച്ച്‌ ചൊവ്വാഴ്‌ച ഗവർണർ ഉത്തരവുമിറക്കി.


സർക്കാരും ചാൻസലറും സമവായത്തിലെത്തണമെന്ന സുപ്രീംകോടതി നിർദേശം കണക്കിലെടുത്ത്‌ നിയമ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ നേരത്തെ ഗവർണറെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടന്ന കൂടിക്കാഴ്‌ചയിൽ മന്ത്രിമാർ നിലപാട്‌ അറിയിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.


വിസി നിയമനത്തിന്‌ ചാൻസലർവച്ച നിർദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായംകൂടി പരിഗണിച്ച്‌ സമവായത്തിലെത്താമെന്നുമാണ് അന്ന്‌ മന്ത്രിമാർ അറിയിച്ചത്‌. വീണ്ടും വിഷയം കോടതിയിലേക്ക്‌ എത്തിക്കേണ്ടെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. മുഖ്യമന്ത്രി ഒരു പേരിലാണ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. ചാൻസലറും ഒരു പേരിൽ വ്യത്യസ്‌തത പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അംഗീകരിച്ച്‌, സുപ്രീംകോടതി പറയുന്നപോലെ തീരുമാനത്തിലേക്ക്‌ പോകാമെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. എന്നാൽ, ഗവർണർ പിടിവാശി തുടർന്നതോടെ വിഷയം വീണ്ടും സുപ്രീം കോടതിയിലെത്തി.


സെർച്ച്‌ കമ്മിറ്റിയോട്‌ പട്ടിക നേരിട്ട്‌ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. ഗവർണർ നൽകിയ സത്യവാങ്മൂലം അംഗീകരിക്കാതെയായിരുന്നു കോടതിയുടെ നടപടി. ഗവർണറുടെ അഭിഭാഷകൻ സീൽചെയ്‌ത്‌ നൽകിയ രേഖ സ്വീകരിക്കാൻപോലും കോടതി കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ്‌ ഗവണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ തയ്യാറായത്‌. ഇ‍ൗ കൂടിക്കാഴ്‌ചയിലാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമായത്‌.


മറ്റു സർവകലാശാലകൾക്കും 
മാതൃകയാക്കാം: മന്ത്രി പി രാജീവ്‌

വിസി നിയമനത്തിലെ സമവായ തീരുമാനം ഉന്നത വിദ്യാഭ്യാസരംഗത്തെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. നേരത്തെ ചാൻസലറെ മന്ത്രിമാർ കണ്ടിരുന്നു. അന്ന്‌ സമവായത്തിലെത്തിയില്ലെങ്കിലും ചർച്ച തുടർന്നു. ചാൻസലർ ആവശ്യപ്പെട്ടതനുസരിച്ച്‌ മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടു. ഇപ്പോൾ ധാരണയിലെത്തി. ഉന്നത നീതിപീഠത്തിന്റെ അംഗീകാരംകൂടി ആവശ്യമാണ്‌.


ഇതേ മാതൃക തുടർന്നാൽ എല്ലാ സർവകലാശാലകളിലെയും പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ്‌ സർക്കാർ കണക്കാക്കുന്നത്‌.

സെർച്ച്‌ കമ്മിറ്റിയാണ്‌ പാനൽ വച്ചത്‌. അതിൽ വിയോജിപ്പ്‌ ഉണ്ടെങ്കിൽ രേഖപ്പെടുത്താൻ മുഖ്യമന്ത്രിയോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.


അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിയോജിപ്പ്‌ രേഖപ്പെടുത്തി. ഡോ. സജി ഗോപിനാഥിനെ സംബന്ധിച്ച്‌ ചാൻസലറും വിയോജിപ്പ്‌ അറിയിച്ചു. ഒന്നുകിൽ രണ്ടുപേരെയും ഉൾപ്പെടുത്തിയും അല്ലെങ്കിൽ രണ്ടുപേരെയും ഒഴിവാക്കിയും ചർച്ച ചെയ്യാമെന്ന്‌ മന്ത്രിമാർ ചാൻസലറെ കണ്ടപ്പോൾ അറിയിച്ചു. വിഷയത്തിൽ സമവായത്തിലെത്താൻ സർക്കാർ പരമാവധി ശ്രമിച്ചു. ഗവർണർ ചാൻസലറാകാത്ത ഏക സർവകലാശാല ന്യുവാൽസാണ്‌. പുതിയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ (ചാൻസലർ) വന്ന ഉടൻ അവിടെ സ്ഥിരം വിസി വേണമെന്നാണ്‌ അഭിപ്രായമെന്ന്‌ സർക്കാർ അറിയിച്ചിരുന്നു. അദ്ദേഹം അതിനോട്‌ യോജിച്ചു. അങ്ങനെ സെർച്ച്‌ കമ്മിറ്റി വന്നു. സെർച്ച്‌ കമ്മിറ്റി ശുപാർശ ചെയ്‌തതിൽനിന്ന്‌ ചാൻസലർ വിസിയെ നിയമിച്ചു. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. അതേ മാതൃക ഇവിടെയുമാകാമെന്ന്‌ നേരത്തെതന്നെ സൂചിപ്പിച്ചിരുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home