print edition സബ്‌സിഡി അരി നിർത്തി സർക്കാർ; ജനകീയ ഹോട്ടലുകൾ പൂട്ടുന്നു

ഒ വി സുരേഷ്
Published on Sep 07, 2026, 12:45 AM | 1 min read
തിരുവനന്തപുരം : കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ആക്കംകൂട്ടി യുഡിഎഫ് സർക്കാർ ജനകീയ ഹോട്ടലുകളെയും ശ്വാസംമുട്ടിക്കുന്നു. സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതോടെ പൊതുവിപണിയിൽനിന്ന് കൂടിയവിലയ്‌ക്ക് അരി വാങ്ങാനാകാതെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ. ഇതിനകം ഇരുന്നൂറിലേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ഇവയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരത്തിലേറെ സ്‌ത്രീകൾ പെരുവഴിയിലായി.
കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ മാർച്ച് 31വരെ ജനകീയ ഹോട്ടലുകൾക്ക് അരി ലഭിച്ചിരുന്നു. ഏപ്രിലിൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ എൽഡിഎഫ് സർക്കാരിന് ഇതിൽ തീരുമാനമെടുക്കാനായില്ല. പുതിയ സർക്കാർവന്നെങ്കിലും സബ്‌സിഡി അരിക്കായുള്ള കുടുംബശ്രീ മിഷന്റെ കത്തിൽ, പഠിച്ചിട്ടാകാമെന്ന് പറഞ്ഞ് തീരുമാനം നീട്ടി.
പൊതുവിപണിയിൽ കിലോയ്‌ക്ക് 64 രൂപയുള്ള അരി വാങ്ങി കുറഞ്ഞവിലയ്‌ക്ക് ഉൗണുനൽകുക പ്രായോഗികമല്ല. പച്ചക്കറിക്കും പാചകവാതകത്തിനും തീവിലയാണ്. പലചരക്ക്, പച്ചക്കറിക്കടകളിൽ പലർക്കും തുക കുടിശ്ശികയാണ്. ഭൗതിക സൗകര്യങ്ങൾ ഒരുക്കേണ്ട തദ്ദേശസ്ഥാപനങ്ങളും അനങ്ങുന്നില്ല. കെട്ടിടവാടകയും വൈദ്യുതിയും വെള്ളക്കരവും പല തദ്ദേശസ്ഥാപനങ്ങളും നൽകുന്നില്ലെന്ന് മലപ്പുറത്തെ ജനകീയ ഹോട്ടൽ കൺസോർഷ്യം സെക്രട്ടറി മീര സുരേഷ് പറഞ്ഞു.
വിശപ്പുരഹിത കേരളം പദ്ധതിയിൽ 2020–21ലാണ് എൽഡിഎഫ് സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ മാതൃകാപദ്ധതി വിജയമായതിന്റെ ചുവടുപിടിച്ചാണിത്. 20 രൂപയ്‌ക്ക് ഉൗണുനൽകുകയായിരുന്നു ലക്ഷ്യം. ഒരു തദ്ദേശസ്ഥാപനത്തിൽ ഒന്നെങ്കിലുമായി ആയിരം ഹോട്ടൽ തുടങ്ങാനായിരുന്നു തീരുമാനം. 1198 എണ്ണം തുറന്നു. ആറായിരത്തിലേറെ സ്‌ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ഉപജീവനമാർഗമവയി. 20 രൂപയ്‌ക്ക് ഉൗണുതുടങ്ങിയത് പലർക്കും ആശ്വാസമായി. ഉൗണിന് 10 രൂപ സർക്കാർ സബ്‌സിഡി നൽകി. സാമ്പത്തിക പ്രതിസന്ധിയിലും 171 കോടിരൂപ കുടിശ്ശികയില്ലാതെ വിതരണംചെയ്‌തു.
എന്നാൽ, കുടുംബശ്രീയോട് എക്കാലത്തും ശത്രുതാനിലപാടെടുക്കുന്ന യുഡിഎഫ് അതിന് ബദലായി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജനശ്രീയെ പിന്തുണച്ചു. 31 ലക്ഷം സ്‌ത്രീകൾക്ക് മാസം ആയിരംരൂപ നൽകുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതി നിർത്തിയതും സർക്കാരിന്റെ സ്‌ത്രീവിരുദ്ധ നിലപാടിന്റെ ഭാഗം.










0 comments