പൊതുവിദ്യാലയങ്ങളോട്‌ ഇഷ്‌ടംകൂടി കുട്ടികൾ

school govt
avatar
സ്വന്തം ലേഖകൻ

Published on Jun 18, 2025, 10:34 PM | 1 min read

തിരുവനന്തപുരം: അടിസ്ഥാനസൗകര്യത്തിലും അക്കാദമിക്‌ നിലവാരത്തിലും കൂടുതൽ മികവിലേക്ക്‌ ഉയർന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട്‌ ഇഷ്‌ടംകൂടി കുട്ടികൾ. കഴിഞ്ഞ വർഷം അൺ എയ്‌ഡഡ്‌ സ്‌കൂളികളിലും മറ്റും പഠിച്ചിരുന്ന 40,906 കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറി. ഇതിൽ കൂടുതൽ പേരും പ്രവേശനം നേടിയത്‌ അഞ്ചിലും എട്ടിലുമാണ്‌. അഞ്ചാം ക്ലാസിൽ 8,939 പേരും എട്ടിൽ 15,128 പേരും പുതിയതായി പ്രവേശനം നേടി.

കഴിഞ്ഞ വർഷം സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ രണ്ട്‌, മൂന്ന്‌, നാല്‌ ക്ലാസുകളിൽ പുതിയതായി ചേരുന്ന കുട്ടികൾ കുറവായിരുന്നു. എന്നാൽ ഇത്തവണ രണ്ടു മുതൽ പത്ത്‌ വരെയുള്ള എല്ലാ ക്ലാസിലും വർധനവുണ്ടായി. ഒന്നാം ക്ലാസിൽ ആകെ 2,82,339 കുട്ടികളാണ്‌ പ്രവേശനംനേടിയത്‌.

ലോവർ പ്രൈമറി ഘട്ടം സർക്കാർ സ്‌കൂളിൽ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾ തൊട്ടടുത്ത എയ്‌ഡഡ്‌ സ്‌കൂളിൽ അപ്പർ പ്രൈമറി പഠനത്തിനായി ചേരുന്ന പതിവുണ്ട്‌. അതനുസരിച്ചുള്ള കുറവ്‌ സർക്കാർ വിദ്യാലയങ്ങളിലുണ്ട്‌. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടകലർന്ന്‌ വിന്യസിച്ചിട്ടുള്ളതിനാൽ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളെ ഒറ്റ യൂണിറ്റായി കണക്കാക്കിയാണ്‌ കുട്ടികളുടെ എണ്ണം പരിഗണിക്കുന്നത്‌.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ പൊതുവിദ്യാലയങ്ങളിൽ സമഗ്ര വളർച്ചയാണ്‌ ഉണ്ടായത്‌. അടിസ്ഥാന സൗകര്യവികസനത്തിനായി മാത്രം 5,000 കോടിയിലേറെ രൂപ ചെലവഴിച്ചു. അത്യാധുനിക സൗകര്യമുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കി. കിഫ്‌ബി വഴി 973 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ 2,565 കോടി രൂപ അനുവദിച്ചു. ഇതിൽ 518 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. 16,027 സ്കൂളുകളിൽ 3.74 ലക്ഷം ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്‌തു. അക്കാദമിക്‌ നിലവാരം ഉയർത്തുന്നതിനായി സമഗ്ര ഗുണമേന്മ പദ്ധതി നടപ്പിലാക്കി.


പുതുതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നവർ

ക്ലാസ്‌, കുട്ടികളുടെ എണ്ണം

2 – 3,044

3 –- 250

4 – - 806

5 –- 8,939

6 –- 3,874

7 –- 3,682

8 –- 15,128

9 –- 4,800

10 –- 383

Highlights : 40,906 കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറി


കൂടുതൽ കുട്ടികൾ പുതുതായി ചേർന്നത്‌ അഞ്ചിലും എട്ടിലും



deshabhimani section

Related News

View More
0 comments
Sort by

Home