print edition കള്ളാടി മണ്ണിടിച്ചിൽ: ഒരാഴ്‌ചയായിട്ടും മിണ്ടാട്ടമില്ലാതെ സർക്കാർ: ദുരന്തബാധിത കുടുംബങ്ങൾ വഴിയാധാരം

മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടുകളും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിച്ചവരെ തിരിഞ്ഞുനോക്കാതെ സംസ്ഥാനസർക്കാർ. ദുരന്തമുണ്ടായി ഏഴുദിവസമായിട്ടും നാശനഷ്ടത്തിന്റെ കണക്കെടുക്കുകയോ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയോ ചെയ്‌തിട്ടില്ല. ദുരന്തത്തിൽ ഒരു വീട് തകരുകയും നിരവധി വാഹനങ്ങൾക്ക് നാശമുണ്ടാകുകയും ചെയ്‌തിരുന്നു. മീനാക്ഷിപ്പാലത്തിന് സമീപം താമസിക്കുന്ന പുളിക്കലകത്ത് അമ്മാറമ്പത്ത് അഷറഫിന്റെ വീടാണ് ചെളിയും വെള്ളവും കുത്തിയൊലിച്ച് തകർന്നത്. വീട്ടുപകരണങ്ങളും സാധനസാമഗ്രികൾ പൂർണമായും നശിച്ചു.
രണ്ടു ജീപ്പും ഒരു കാറും നിരവധി ബൈക്കുകളും തകർന്നിട്ടുണ്ടെന്നാണ് വിവരം. ടൂറിസ്റ്റ് സർവീസ് നടത്തിയിരുന്ന ജീപ്പുകളാണ് തകർന്നത്. രണ്ടുലക്ഷം രൂപയിലധികം ചെലവഴിച്ചാലാണ് പല വാഹനങ്ങളും അറ്റകുറ്റപ്പണി നടത്താനാകുക. ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും നഷ്ടപരിഹാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും വാഹന ഉടമകൾ പറഞ്ഞു.
പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും പൂർണമായി മണ്ണിനടിയിലാണ്. നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഉപജീവനം നിലച്ച് ഇവരും പ്രതിസന്ധിയിലാണ്. തിരച്ചിലിന്റെ ഭാഗമായി നീക്കിയ മണ്ണ് പ്രദേശവാസിയുടെ 30 സെന്റ് ഏലത്തോട്ടത്തിലാണ് തട്ടിയത്. ഇവിടുത്തെ മൂന്നുറോളം ചെടികൾ നശിച്ചിട്ടുണ്ട്.
ദുരന്തബാധിത കുടുംബങ്ങൾ വഴിയാധാരം
മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കാതെ സംസ്ഥാനസർക്കാർ. അപകടഭീഷണിയുള്ള പ്രദേശത്ത് താമസിക്കുന്ന 120ഓളം കുടുംബങ്ങളാണ് സർക്കാർ കൈയൊഴിഞ്ഞതോടെ വഴിയാധാരമായത്. മീനാക്ഷി പുഴയുടെ ഇരുഭാഗത്തും തുരങ്കപാതയുടെ എതിർവശത്തും താമസിക്കുന്നവരാണ് ഇവർ. പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണിപ്പോൾ.
മേപ്പാടി പോളിടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാന്പ് ശനിയാഴ്‌ച പിരിച്ചുവിട്ടിരുന്നു. ദുരന്തബാധിത മേഖലയിൽ ലയങ്ങളിൽ താമസിക്കുന്ന തോട്ടംതൊഴിലാളികളെയും പുഴയുടെ ഓരത്ത് താമസിക്കുന്ന ഉന്നതി നിവാസികൾ അടക്കമുള്ളവരെയുമാണ് നിർബന്ധിച്ച് മടക്കി അയച്ചത്. ജോലിക്ക് പോകാതിരുന്നതിനാൽ അടിയന്തരധനസഹായം നൽകണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സർക്കാർ പരിഗണിച്ചില്ല.
ക്യാന്പ് പിരിച്ചുവിടുന്നതിനായി യോഗങ്ങൾ ചേർന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന മന്ത്രിമാരായ എ പി അനിൽകുമാറും ടി സിദ്ദിഖും പങ്കെടുത്തില്ല. ദുരന്തബാധിതരെ വാടകവീട്ടിലേക്കുമാറ്റണമെന്ന് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.











0 comments