print edition കായികതാരങ്ങൾക്ക് സർക്കാർ ജോലി 1000 അടുത്തു

സ്‌പോർട്‌സ് ലേഖകൻ
Published on Mar 15, 2026, 01:21 AM | 2 min read
കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോട്‌സ് ക്വാട്ടയില്‍ 994 പേര്‍ക്ക് നിയമനം നല്‍കി. ഇതൊരു സര്‍വകാല റെക്കോഡും രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടവുമാണ്. ഒരാഴ്‌ചക്കിടെ രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങളായ എന്‍ പി പ്രദീപ്, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവര്‍ക്കും കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ബാഡ്‌മിന്റൺ താരം ട്രീസ ജോളി, മുന്‍കാല അത്‌ലീറ്റ് നിഷ ജോണ്‍ എന്നിവര്‍ക്കും പ്രത്യേക പരിഗണനയില്‍ ജോലി നല്‍കി.
2020-–2024 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിക്കുകയും ചെയ്‌തു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ 580 പേര്‍ക്കും ഈ സര്‍ക്കാര്‍ ഇതുവരെ 414 പേര്‍ക്കും നിയമനം നല്‍കി. വര്‍ഷം 50 പേര്‍ക്ക് എന്ന കണക്കില്‍ 2010 മുതല്‍ 2019 വരെ നിലവിലുണ്ടായിരുന്ന ഒഴിവുകളിലാണ് 500 പേര്‍ക്ക് നിയമനം നല്‍കിയത്. 2016 മുതല്‍ 2025 വരെ കെ എസ് ഇ ബിയില്‍ 264 പേര്‍ക്കും പൊലീസില്‍ 212 പേര്‍ക്കും ജോലി കിട്ടി. ബാക്കിയുള്ളവര്‍ക്ക് പ്രത്യേക പരിഗണനയിലാണ് ജോലി. 2018 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ പി യു ചിത്ര, മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, വി കെ വിസ്‌മയ, വി നീന എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ ജോലി നല്‍കി.
സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്കും കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായിക താരങ്ങള്‍ക്കും എല്‍ ഡി സി തസ്തികയിലാണ് നിയമനം. തിരുവനന്തപുരത്ത് വഴിയോര പച്ചക്കറി കച്ചവടം നടത്തി ജീവിച്ച മുന്‍ ദേശീയ ഹോക്കി താരം വി ഡി ശകുന്തളക്കും മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സരോജിനി തോലാത്തിനും സർക്കാർ തുണയായി. രാജ്യാന്തര മെഡല്‍ ജേതാവായ അത്‌ലീറ്റ് ടിയാന മേരി തോമസിന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോട്‌സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ നിയമനം നല്‍കി. ജൂനിയര്‍ തലത്തില്‍ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവായ അത്‌ലീറ്റ് സ്വാതി പ്രഭയെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലര്‍ക്കായി നിയമിച്ചു.










0 comments