സർക്കാർ ഇടപെടൽ ഫലം കാണുന്നു; വെളിച്ചെണ്ണ വില കുറയുന്നു

തിരുവനന്തപുരം: പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില കുറയ്ക്കാനുള്ള സർക്കാർ നടപടികൾ ഫലം കാണുന്നു. ചില സ്വകാര്യ സ്ഥാപനങ്ങളിൽ വില കുറച്ചുനൽകാൻ തുടങ്ങി. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയാത്തത്രയും വില ഉയർന്നപ്പോഴാണ് സർക്കാർ ഇടപെടൽ ശക്തമാക്കിയത്.
വെളിച്ചെണ്ണ ഉൽപ്പാദകരുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യവസായമന്ത്രി പി രാജീവും നടത്തിയ ചർച്ചയിൽ വില കുറയ്ക്കാൻ ധാരണയായിരുന്നു. സഹകരണ മേഖലയിലെ ഉൽപ്പാദകരുമായും ചർച്ച നടത്തി. അതിന്റെ ഫലമായാണ് ശബരി ബ്രാൻഡിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയ്ക്ക് വിൽക്കാൻ തീരുമാനമായത്. സഹകരണ മേഖലയിലെ ഉൽപ്പാദകർക്ക് 15 ദിവസത്തിനകം തുക നൽകാമെന്ന് മന്ത്രി ജി ആർ അനിൽ ഉറപ്പുനൽകി. അത് സമ്മതിച്ച സഹകരണ മേഖലയിലെ സംരംഭകർ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ എത്തിക്കും.
കേരഫെഡുമായും ചർച്ച നടത്തിയതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. അവരോടും വില കുറയ്ക്കാനുള്ള നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. അതോടെ പൊതുവിപണിയിൽ വെളിച്ചെണ്ണ വില വർധിക്കാതിരിക്കാനും കുറയ്ക്കാനുമാകും. ഓണത്തിന് ശബരി ബ്രാൻഡിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അരലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും നൽകും. സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും ലഭ്യമാക്കും. 15 മുതൽ സപ്ലൈകോ ഔട്ട്-ലൈറ്റിൽ വെളിച്ചെണ്ണ ലഭ്യമാക്കും. കൂടാതെ മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. സർക്കാർ ഇടപെടലിനെത്തുടർന്ന് ലുലു വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 30 രൂപ കുറച്ചു. ഇനിയും മറ്റു കമ്പനികളും വില കുറയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷ- മന്ത്രി പറഞ്ഞു.








0 comments