print edition വീടും സ്ഥലവുമുള്ളവരെ ‘പുഴയിലെറിഞ്ഞ് ’ യുഡിഎഫ് പത്രം

ചിത്രം 1: പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളിലൊന്നായ മധു– ഇന്ദു ദമ്പതികളുടെ വീട്. ചിത്രം2: ശാലിനി– രാജേഷ് ദമ്പതികളുടെ മാതാപിതാക്കൾ താമസിക്കുന്ന വീട്

സ്വന്തം ലേഖകൻ
Published on Jan 18, 2026, 06:11 AM | 2 min read
കണ്ണൂർ:
സർക്കാർ നൽകിയ വീടുള്ളപ്പോഴും ജീവിത ശൈലിയുടെ ഭാഗമായി പുഴയോരത്ത് സ്ഥിരമായി തമ്പടിക്കുന്ന പട്ടികവർഗ കുടുംബങ്ങളെ ‘അതിദരിദ്രരാക്കി’ യുഡിഎഫ് പത്രത്തിന്റെ ഇലക്ഷൻ നാടകം. ആറളം പുനരധിവാസമേഖലയിലെ ബ്ലോക്ക്- 13ൽ 55–-ാം ഭാഗത്തെ വിയറ്റ്നാം കക്കുവ പുഴയോരത്ത് തന്പടിച്ച പണിയവിഭാഗക്കാരെയാണ് അവരുടെ അനുവാദമില്ലാതെ വ്യാജവാർത്തനൽകി പത്രം അപമാനിച്ചത്. ഇവരെ തെറ്റിദ്ധരിപ്പിച്ചെടുത്ത ചിത്രവും പത്രം പ്രചരിപ്പിച്ചു. ഇവർ ഭൂമി ലഭിച്ചവരും അവരുടെ ഉപകുടുംബങ്ങളുമാണെന്ന് ആറളം ട്രൈബൽ സെറ്റിൽമെന്റ് ആൻഡ് ഡവലപ്‌മെന്റ് മിഷൻ (ടിആർഡിഎം) റിപ്പോർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫീസർക്ക് ടിആർഡിഎം കഴിഞ്ഞദിവസം നിൽകിയ റിപ്പോർട്ടിൽ ഇതുണ്ടായിട്ടും പത്രത്തിന് തിരിഞ്ഞിട്ടില്ല. വീടും സൗകര്യവുമുള്ള ആറളം ഫാമിലെയും ചതിരൂർ 110 ഉന്നതിയിലെയും കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ പുഴയോരത്തേക്ക് താമസം മാറാറുണ്ട്. ഇവരിൽ ഒരുവയസ്സ് മുതൽ 100 കടന്നവർ വരെ ഉണ്ടാകാറുമുണ്ട്.
മീൻപിടിക്കാനും ചെറുജീവികളെ ആഹാരമാക്കാനുമാണ് ഇൗ മാറ്റം. ഇതിനവർ താൽക്കാലിക ഷെഡ്ഡും കുടിലും തയ്യാറാക്കും. 28 കുടുംബങ്ങളാണ് സ്ഥിരമായി കക്കുവ പുഴയോരത്തെ വിയറ്റ്നാം ഭാഗത്ത് ഇങ്ങനെ എത്തുക. ഫാമിൽ ഭൂമിയും വീടുമുള്ള പത്ത് കുടുംബം, ആറളം ബ്ലോക്ക് -13ൽ ലഭിച്ച ഭൂമിയിൽ താമസിക്കാതെ 55–-ാം ഭാഗത്ത് താമസിക്കുന്ന മൂന്നു കുടുംബം, ചതിരൂർ 110 ഉന്നതിയിൽനിന്നുള്ള 15 കുടുംബം. എന്നാൽ, യുഡിഎഫ് പത്രം വല്ലപ്പോഴും വന്നുപോകുന്ന ഇവരുടെ ബന്ധുക്കളെയും ചേർത്ത് 44 കുടുംബമാക്കി. അപ്പോഴും എല്ലാവർക്കും റേഷൻ ലഭ്യമാണെന്ന സത്യം പറയാതിരിക്കാൻ ആ പത്രത്തിനായില്ല.
3375 കുടുംബങ്ങൾക്ക് കൈവശരേഖ
ആറളം പുനരധിവാസമേഖലയിൽ ആദ്യം കൈവശരേഖ അനുവദിച്ചത് 3375 കുടുംബങ്ങൾക്കാണ്. ഇവരിൽ ദീർഘകാലമായി ഈ ഭൂമിയിൽ വന്നുതാമസിക്കാത്ത 1453 കുടുംബങ്ങളിൽ 1019 പേരുടെ കൈവശരേഖ റദ്ദാക്കി. ഇവിടെ ഭൂമിക്കായി അപേക്ഷിച്ച 1330 കുടുംബങ്ങളിൽ 303 പേർ അന്തിമപട്ടികയിലുണ്ട്.
ഭൂമി നൽകാൻ നടപടി
തിരുവനന്തപുരം
ഇവരുമായി ഡിസംബർ 29ന് പട്ടികവർഗ വികസന ഡയറക്ടർ ചർച്ച നടത്തിയിരുന്നുവെന്ന് മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസ് അറിയിച്ചു. ഇതിൽ ചതിരൂരിൽത്തന്നെ താമസിക്കാൻ തൽപ്പരരായ 13 കുടുംബങ്ങൾക്ക് ഭൂമി നൽകും. ഇത് അളന്നുതിരിച്ച് രേഖകൾ നൽകുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ആറളം നവജീവൻ നഗറിലേക്ക് മാറിത്താമസിക്കാൻ തൽപ്പരരായ ഒമ്പതുപേർക്ക് അവിടെയുള്ള ഒഴിഞ്ഞ വീടുകൾ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഓഫീസിൽനിന്ന് അറിയിച്ചു.










0 comments