print edition ജീവനക്കാരുടെ സ്ഥലംമാറ്റം; പോർട്ടലിലെ അപേക്ഷ സമ്മതമില്ലാതെ തിരുത്തി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനായുള്ള എച്ച്ആർ എംഎസ് (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിലെ അപേക്ഷയിൽ, ജീവനക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉദ്യോഗസ്ഥർ മാറ്റങ്ങൾ വരുത്തിയതായി പരാതി.
ചങ്ങനാശേരി താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്കാണ് ലാൻഡ് റവന്യു കമീഷണർക്ക് പരാതി നൽകിയത്. മകന്റെ ചികിത്സാർഥം തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിലാണ് കമീഷണറേറ്റിലെ ജീവനക്കാരൻ ക്രമക്കേട് നടത്തിയതായി ആക്ഷേപമുള്ളത്.
2026ലെ പൊതു സ്ഥലംമാറ്റത്തിനായി 2025ലെ പൊതു സ്ഥലംമാറ്റത്തിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്ത വിഭാഗമെന്ന മുൻഗണനാ കാറ്റഗറിയിലാണ് ജീവനക്കാരി തിരുവനന്തപുരം ഒന്നാം ഓപ്ഷനായി നൽകി അപേക്ഷ സമർപ്പിച്ചത്. 24ന് പ്രസിദ്ധീകരിച്ച മുൻഗണനാ പട്ടികയിൽ തിരുവനന്തപുരം സ്റ്റേഷനിൽ ഒന്പതാം റാങ്കുകാരിയായി ജീവനക്കാരി ഉൾപ്പെട്ടിരുന്നു.
എന്നാൽ, 27ന് ലാൻഡ് റവന്യു കമീഷണറേറ്റിൽനിന്നാണെന്ന് പറഞ്ഞ് ഒരു ജീവനക്കാരൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്രേ. കേസിന് പൊയ്ക്കോളാനും അപേക്ഷ നിരസിച്ചെന്നും തിരുത്തിയിട്ടുണ്ടെന്നും ജീവനക്കാരൻ പറഞ്ഞു.
പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് അപേക്ഷയിലെ ‘ട്രാൻസ്ഫർ ടൈപ്പ്' കാറ്റഗറി അനധികൃതമായി തിരുത്തിയതായി കണ്ടത്. നിയമപരമായി അർഹതപ്പെട്ട സ്ഥലംമാറ്റം അനുവദിക്കണമെന്നും തെറ്റായി തിരുത്തിയ കാറ്റഗറി പുനഃസ്ഥാപിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്നുമാവശ്യപ്പെട്ടാണ് ജീവനക്കാരി ലാൻഡ് റവന്യു കമീഷണറെ സമീപിച്ചത്.









0 comments