Deshabhimani

പിന്നാക്ക വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആർ കേളു

o r kelu
വെബ് ഡെസ്ക്

Published on Feb 06, 2025, 08:31 PM | 1 min read

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുമായി ബന്ധപ്പെട്ട പദ്ധതികൾ കൃത്യമായി വിലയിരുത്തി മുന്നോട്ടുപോവുകയാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ഒ ആർ കേളു. പട്ടികജാതി മേഖലയിലെ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കും. വിവിധ ഓഫീസുകളിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് തടസമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കും. ഒഡെപെക് മുഖേന വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭ്യമാക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് റവന്യു വകുപ്പുമായി ചർച്ച നടത്തി ഏകീകരിച്ച സംവിധാനമുണ്ടാക്കും. വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകളിൽ തൊഴിലധിഷ്ഠിത നൂതന സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടുത്തുമെന്നും ഭവനനിർമ്മാണത്തിനുള്ള സ്‌കീമുകളിൽ തുക വർധിപ്പിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ 14 ജില്ലകളിലും നേരിട്ട് അവലോകന യോഗം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന എസ്‌സി ഫണ്ട് വഴി നടപ്പിലാക്കുന്ന ശുചിത്വ പരിപാലനം, വൈദ്യുതി, കുടിവെള്ളം, വീട് വയ്ക്കാനുള്ള ഭൂമി, വഴി സൗകര്യം, ശ്മശാനം തുടങ്ങിയവ പരിശോധിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന അഭിപ്രായങ്ങൾ രൂപീകരിക്കാനും വിവിധ വിഷയങ്ങൾക്കുള്ള പരിഹാരങ്ങളും നിർദേശങ്ങളും സംഘടനകളുമായി ചർച്ച ചെയ്യാനുമാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിലെ നിർദേശങ്ങൾ സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.


എഴുപത്തി മൂന്ന് സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പട്ടികജാതി നേരിടുന്ന വിഷയങ്ങളിന്മേൽ പരിഹാരം, പദ്ധതികളുടെ പുരോഗതി, മുൻഗണനാ പദ്ധതികൾ, ഫണ്ട് വിനിയോഗം, വിദ്യാഭ്യാസ ആനുകൂല്യ വിതരണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, ഭവന പദ്ധതി വായ്പ പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ സംസാരിച്ചു.




deshabhimani section

Related News

0 comments
Sort by

Home