print edition അഗ്നിരക്ഷാസേനയിലും 350 ഒഴിവ് പൂഴ്‌ത്തി

തിരുവനന്തപുരം: അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് പാഞ്ഞെത്തേണ്ട അഗ്നിരക്ഷാസേനയിലും 350 ഓളം ഒഴിവുകൾ പൂഴ്‌ത്തിവച്ച് സർക്കാർ. മാർച്ച് 10ന് കാലാവധി അവസാനിക്കാനിരിക്കെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (ട്രെയിനി) റാങ്ക് പട്ടികയിൽനിന്ന് 156 പേർക്കാണ് ശുപാർശ അയച്ചത്. ആകെ 1,242 ഉദ്യോഗാർഥികളാണ് (മുഖ്യപട്ടിക: 838, സപ്ലിമെന്ററി: 404).
കഴിഞ്ഞ പട്ടികയിലെ 583 പേരിൽ 456 പേർക്കും നിയമന ശുപാർശ നൽകിയിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡ്രൈവർ (ട്രെയിനി) തസ്‌തികയിലും 42 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ആകെ 255 ഉദ്യോഗാർഥികളാണ് (മുഖ്യപട്ടിക: 216, സപ്ലിമെന്ററി: 39) പട്ടികയിലുള്ളത്. കഴിഞ്ഞ പട്ടികയിൽനിന്ന് 169-ൽ 131 പേർക്കും നിയമന ശുപാർശ അയച്ചിരുന്നു. എന്നാൽ, വിവിധ ജില്ലകളിലായി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തസ്‌തികകളിൽ മാത്രം 350 ഒഴിവുണ്ട്. ഇത് കൂടാതെ പുതിയ സ്റ്റേഷനുകളിൽ 150 തസ്‌തിക സൃഷ്‌ടിക്കാനുമുണ്ട്.
മാവൂർ, നേര്യമംഗലം, ചീമേനി, രാജാക്കാട് സ്റ്റേഷനുകളിൽ 72 അധിക തസ്‌തികകൾ കൂടി അനുവദിക്കണമെന്ന അഗ്നിരക്ഷാസേന ഡയറക്ടർ ജനറലിന്റെ ശുപാർശയും ആഭ്യന്തര വകുപ്പ് പൂഴ്‌ത്തി. 150 അംഗ റിസർവ് സേന രൂപീകരിക്കാനുള്ള ശുപാർശയും ദേശീയപാത സുരക്ഷയ്‌ക്കായി ഒന്പത് ജില്ലകളിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ രൂപീകരിക്കാനുള്ള നിർദേശവും അഗ്നിരക്ഷാ വകുപ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതി നൽകിയില്ല.









0 comments